Sub Lead

എകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

അക്രമം നടന്ന ദിവസം കസ്റ്റഡിയിലുള്ളയാള്‍ എകെജി സെന്റര്‍ പരിസരത്ത് വന്നതായും കണ്ടെത്താനായിട്ടില്ല.

എകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു ശേഷം പ്രകോപനപരമായി പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിീസിന്റെ നിരീക്ഷണത്തിലാണ്. എകെജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഒരാളെ പോലിസ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍ എന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലാണ് ചോദ്യം ചെയ്യല്‍. നിലവില്‍ ഇയാള്‍ക്കെതിരേ പോലിസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. പോലിസ് ചോദ്യം ചെയ്യുന്നയാളുടെ വാഹനം വേറൊന്നാണ്. അക്രമി ഉപയോഗിച്ചത് മറ്റൊരു വാഹനവുമാണ്. ഇയാളുടെ ഫോണ്‍കോളില്‍ ദുരുഹത സംശയിക്കുന്നതൊന്നും പോലിസിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സൂചന.

അക്രമം നടന്ന ദിവസം കസ്റ്റഡിയിലുള്ളയാള്‍ എകെജി സെന്റര്‍ പരിസരത്ത് വന്നതായും കണ്ടെത്താനായിട്ടില്ല. എകെജി സെന്റര്‍ ആക്രമിച്ച പ്രതി എത്തിയത് ഡിയോ സ്‌കൂട്ടറിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. കസ്റ്റഡിയിലുള്ള ആളുടെ ഫോണില്‍ നിന്നും അസ്വാഭാവിക കോളുകളും പോലിസിന് കണ്ടെത്താനായിട്ടില്ല. നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ തന്റെ കോണ്‍ട്രാക്ടറെയാണ് കഴിഞ്ഞദിവസങ്ങളില്‍ കൂടുതലായും വിളിച്ചിട്ടുള്ളത്. മാത്രമല്ല, അക്രമം നടന്ന ദിവസം രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ചശേഷം വാടകവീട്ടിലെ മുറിയില്‍ എത്തിയിരുന്നതായും സാക്ഷിമൊഴികള്‍ ലഭിച്ചിട്ടുണ്ട്.

നിലവില്‍ 10 സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. അക്രമി സഞ്ചരിച്ചതെന്ന് കരുതുന്ന റൂട്ടിലെ ഏതാണ്ട് 70 ക്യാമറകള്‍ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തു എറിഞ്ഞശേഷം കടന്നു പോകുന്ന ദൃശ്യങ്ങള്‍ പരമാവധി പോലിസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, മുമ്പ് സമാനകുറ്റകൃത്യങ്ങള്‍ ചെയ്ത ഏതാനും പേരെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പങ്കുള്ളതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it