Sub Lead

അജ്മീര്‍ ദര്‍ഗ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കില്‍ സമുദായത്തിന് തിരിച്ച് നല്‍കണം: മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്

അജ്മീര്‍ ദര്‍ഗ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കില്‍ സമുദായത്തിന് തിരിച്ച് നല്‍കണം: മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്
X

ജയ്പൂര്‍: അജ്മീറിലെ മൊയ്നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ രണ്ടു തവണ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെട്ടിടത്തിന്റെ ബലം പരിശോധിക്കാനും സുരക്ഷാ ഓഡിറ്റ് നടത്താനും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കത്ത് നല്‍കിയത്.


800 വര്‍ഷം പഴക്കമുള്ള ദര്‍ഗയെ മതിയായ രീതിയില്‍ സംരക്ഷിക്കാനാവില്ലെങ്കില്‍ പരിപാലന ചുമതലയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാവണമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന് നല്‍കിയ അപേക്ഷ പറയുന്നു. കൃത്യമായി പരിപാലിക്കാമെന്ന് ഉറപ്പുനല്‍കിയാണ് 1955ല്‍ കേന്ദ്രസര്‍ക്കാര്‍ ദര്‍ഗ ഏറ്റെടുത്തിരുന്നത്. ദര്‍ഗയുടെ പല ഭാഗങ്ങള്‍ക്കും 500-600 വര്‍ഷം പഴക്കമുണ്ട്. കനത്ത മഴയില്‍ രണ്ടു തവണ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു. അതിനാല്‍, ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെങ്കില്‍ ദര്‍ഗ സമുദായത്തിന് തിരിച്ചുനല്‍കണമെന്ന് വ്യക്തി നിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫസലുര്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം പൈതൃക കേന്ദ്രങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ അവഗണനയുടെ ഉദാഹരണമാണിതെന്ന് ബോര്‍ഡ് വക്താവ് സെയ്ദ് ഖാസിം റസൂല്‍ ഇല്‍യാസ് പറഞ്ഞു. ''800 വര്‍ഷം പഴക്കമുള്ള ഈ ആരാധനാലയത്തിന്റെ സുരക്ഷാ ഓഡിറ്റ് പോലും അവര്‍ നടത്തിയിട്ടില്ല. അജ്മീര്‍ ദര്‍ഗയെ അവര്‍ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ വഖ്ഫ് സ്വത്തുക്കളില്‍ അവര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് സങ്കല്‍പ്പിച്ചു നോക്കൂ.''-അദ്ദേഹം പറഞ്ഞു. മഴയെ തുറന്ന് ദര്‍ഗയില്‍ വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങള്‍ ദര്‍ഗ അഞ്ചുമാന്‍ സെക്രട്ടറി സയ്ദ് സര്‍വാര്‍ ചിശ്തി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

അതേസമയം, ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ അന്തിമവാദം തുടങ്ങി. ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്ന ആരോപണം ഉന്നയിച്ച് ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റായ വിഷ്ണു ഗുപ്ത നല്‍കി ഹരജി നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് വിഷ്ണു ഗുപ്തയുടെ ഹരജിയിലെ ആവശ്യം. ദര്‍ഗക്കെതിരായ ഹിന്ദുത്വരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

അജ്മീര്‍ ദര്‍ഗ സ്ഫോടനം 2007

2007 ഒക്ടോബര്‍ 11ന് റമദാനിലെ ഇഫ്താറിന് മുമ്പ് അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിഫിന്‍ ബോക്സില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കേസ് അന്വേഷിച്ച രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേന സ്ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയാണ് എന്നാണ് ആരോപിച്ചത്. എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. 2010ല്‍ സ്വാമി അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെയാണ് കേസിന്റെ ഗതി മാറിയത്. സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണ് എന്നാണ് സ്വാമി അസീമാനന്ദ് വെളിപ്പെടുത്തിയത്. അജ്മീര്‍ സ്ഫോടനത്തിന് പുറമെ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്ഫോടനം, മഹാരാഷ്ട്രയിലെ മലേഗാവ് സ്ഫോടനം, സംജോത എക്സ്പ്രസ് സ്ഫോടനം എന്നിവയുടെ ഉത്തരവാദിത്തവും അസീമാനന്ദ് വെളിപ്പെടുത്തി.

ഇതോടെ പ്രതിസ്ഥാനത്ത് നിന്ന് മുസ്ലിം സംഘടനകള്‍ മാറി ഹിന്ദുത്വര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന ദേവേന്ദ്ര ഗുപ്ത, ഭവേഷ് ഭായ് പട്ടേല്‍, സുനില്‍ ജോഷി, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവി, ഹര്‍ഷാദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേശ് വാസ്നി, ഭരത് ഭായ് എന്നിവരെയും പ്രതിചേര്‍ത്തു. കേസില്‍ 2017 മാര്‍ച്ച് 22ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്തയേയും ഭവേഷ് ഭായ് പട്ടേലിനെയും എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുനില്‍ ജോഷി അതിന് മുമ്പ് തന്നെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it