Sub Lead

കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. ബില്ലുകളുമായി മുന്നോട്ട് പോകാന്‍ സുപ്രധാന തിരുമാനമെടുത്ത കേന്ദ്രസര്‍ക്കാര്‍ അംഗബലം കണക്കുകളില്‍ തികയ്ക്കാന്‍ ചെറുകക്ഷികളെ കേന്ദ്രീകരിച്ച് നിര്‍ണായക നീക്കങ്ങളാണ് നടത്തുന്നത്.

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്. സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. രാജ്യസഭയില്‍ മൂന്ന് കാര്‍ഷിക പരിഷ്‌കരണ ബില്ലുകളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ബില്ലുകള്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ ചര്‍ച്ചയ്ക്ക് നാല് മണിക്കൂര്‍ മാറ്റി വച്ചിട്ടുണ്ട്. അംഗങ്ങളുടെ കണക്കനുസരിച്ച് ബില്ലുകള്‍ രാജ്യസഭ കടത്തുക സര്‍ക്കാരിന് വെല്ലുവിളിയാകും.

ആകെ ഇപ്പോഴുള്ള 242 അംഗങ്ങളില്‍ അകാലി ദളിനെ ഒഴിച്ചാല്‍ ട്രഷറി ബഞ്ചിലുള്ളത് 110 പേര്‍ മാത്രമാണ്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് പാര്‍ട്ടികള്‍ സംയുക്തമായി തയാറാക്കിയ അപേക്ഷ ചെയര്‍മാന് കൈമാറി. എന്നാല്‍ ബില്ലുകള്‍ക്ക് രാജ്യസഭയിലും ഭീഷണി ഒന്നും ഇല്ലെന്നാണ് ബിജെപി നിലപാട്.

സര്‍ക്കാര്‍ പക്ഷത്തുള്ള 110 പേര്‍ക്ക് ഒപ്പം 24 അംഗങ്ങള്‍ ആകെയുള്ള എഐഎഡിഎംകെയും ബിജെഡിയും ഉപരിസഭയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും. ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിഎസ്പി വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ഇത് സര്‍ക്കാരിന് അനുകൂലമാകും. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്ത് എംപിമാര്‍ക്കും വോട്ട് ചെയ്യാനാകില്ല. മൂന്ന് അംഗങ്ങള്‍ക്കും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ അകാലി ദള്‍ വിപ്പ് നല്‍കിയിട്ടുണ്ട്. ടിആര്‍എസ് ബില്ലിന് എതിരായ പ്രതിപക്ഷനിരയില്‍ അണിചേരുമെന്ന് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും ബില്ല് രാജ്യസഭയില്‍ പാസാകാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അകാലി ദള്‍ വ്യക്തമാക്കി.

ബില്ല് എത്തുന്നതോടെ രാജ്യസഭയില്‍ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഹരിയാനയിലെ റോത്തഖിലും പല്‍വലിലും ഇന്ന് കര്‍ഷക റാലികള്‍ നടക്കും.

Next Story

RELATED STORIES

Share it