Big stories

പോലിസിന്റെ ഡിഎംആർ പദ്ധതിയും വിവാദത്തിൽ; സ്വകാര്യ കമ്പനിക്ക് എട്ടുകോടി രൂപ മുൻകൂറായി നൽകി

ആകെത്തുകയായ 14 കോടിയിൽ എട്ടുകോടി കമ്പനിക്ക് മുൻകൂർ നൽകി. ഒരു വർഷം കഴിഞ്ഞിട്ടും കരാർ പ്രകാരമുള്ള എട്ടു ടവറുകളിൽ ഒന്നുപോലും നിർമിച്ചില്ല.

പോലിസിന്റെ ഡിഎംആർ പദ്ധതിയും വിവാദത്തിൽ; സ്വകാര്യ കമ്പനിക്ക് എട്ടുകോടി രൂപ മുൻകൂറായി നൽകി
X

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ ഉലച്ച സിഎജി റിപോർട്ടിനു പിന്നാലെ സന്ദേശ സംവിധാനം ആധുനികവത്കരിക്കാനുള്ള പദ്ധതിയും വിവാദത്തിലേക്ക്. സ്വകാര്യ കമ്പനിക്ക് എട്ടുകോടി രൂപ മുൻകൂറായി നൽകിയിട്ടും ഒരു ടവർപോലും നിർമിച്ചില്ല. ഡിജിപിയുടെ ഉത്തരവുപ്രകാരമാണ് കമ്പനിക്ക് തുക കൈമാറിയത്.

പോലിസ് വയർലെസ് സെറ്റുകളിൽ മെച്ചപ്പെട്ട സന്ദേശ പ്രക്ഷേപണ സംവിധാനമായ ഡിഎംആർ (ഡിജിറ്റൽ മൊബൈൽ റേ‍ഡിയോ) ടയർ ത്രീ പദ്ധതി രാജ്യത്ത് ആദ്യമായി തൃശ്ശൂർ ജില്ലയിൽ നടപ്പാക്കാനായിരുന്നു ലക്ഷ്യം. കൊൽക്കൊത്തയിൽ നിന്നുള്ള കോൾബ്രോസ് കമ്പനിക്കാണ് നിർമാണച്ചുമതല. പദ്ധതിനിർമാണത്തിനും നിർവഹണത്തിനുമായുള്ള ആകെത്തുകയായ 14 കോടിയിൽ എട്ടുകോടി കമ്പനിക്ക് മുൻകൂർ നൽകി. ഒരു വർഷം കഴിഞ്ഞിട്ടും കരാർ പ്രകാരമുള്ള എട്ടു ടവറുകളിൽ ഒന്നുപോലും നിർമിച്ചില്ല.

വ്യാഴാഴ്ച ഡിഎംആർ ടയർ ത്രീ സാങ്കേതികവിദ്യയുടെ പരീക്ഷണം ബിഎസ്എൻഎൽ. ടവറുകളിൽ നടത്തി. കരാർ കാലാവധി കഴിഞ്ഞ് പിന്നെയും അഞ്ചു മാസമായിട്ടും കമ്പനിക്ക് സ്വന്തമായി ടവറോ ഒപ്റ്റിക്കൽ ഫൈബർ കേബിളോ സ്ഥാപിക്കാനായിട്ടില്ല. അതിനാലാണ് ബിഎസ്എൻഎൽ ടവറിൽ പരീക്ഷണ പ്രക്ഷേപണം നടത്താൻ ഡിജിപി നിർദേശം നൽകിയത്.

തൃശൂർജില്ലയിൽ എട്ടിടത്താണ് ബേസ് സ്റ്റേഷനുകൾ നിർമിക്കാൻ പരിഗണനയിലുള്ളത്. പൂമല, പീച്ചി, ചേർപ്പ്, മലക്കപ്പാറ, വെറ്റിലപ്പാറ, മാള, കുന്നംകുളം, തിരുവില്വാമല എന്നിവിടങ്ങളിലാണിവ. തൃശ്ശൂർ കമ്മിഷണർ ഓഫീസിലായിരിക്കും ഇവയുടെ കമാൻഡ് കൺട്രോൾ സെന്റർ. 2019 സെപ്റ്റംബർ 22 ആയിരുന്നു പദ്ധതി കമ്മിഷൻ ചെയ്യാൻ ആദ്യം അനുവദിച്ചിരുന്ന സമയം.

അതേസമയം ഡിജിപിക്ക് ചിലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്. പോലിസിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന സിഎജി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിക്ക് ചെലവഴിക്കാവുന്ന തുക ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവും പുറത്തുവന്നത്.

Next Story

RELATED STORIES

Share it