Sub Lead

സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദിക്കുന്നില്ല; താലിബാനെതിരേ അഫ്ഗാന്‍ സ്വയം പോരാടട്ടെയെന്ന് ബൈഡന്‍

രാജ്യത്തിന് വേണ്ടി അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ചുനിന്ന് താലിബാനെ നേരിടുകയാണ് വേണ്ടത്. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദിക്കുന്നില്ല; താലിബാനെതിരേ അഫ്ഗാന്‍ സ്വയം പോരാടട്ടെയെന്ന് ബൈഡന്‍
X

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. താലിബാനെതിരേ അഫ്ഗാനിസ്ഥാന്‍ സ്വയം പോരാടണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് വേണ്ടി അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ചുനിന്ന് താലിബാനെ നേരിടുകയാണ് വേണ്ടത്. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. അഫ്ഗാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്‍ കൈയടക്കിയെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. അഞ്ചുദിവസത്തിനിടെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചു. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാല്‍, അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ വ്യക്തമാക്കി. അതേസമയം, അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായവും പ്രതിബദ്ധതയും അമേരിക്ക തുടരും. വ്യോമപിന്തുണ, സൈനികര്‍ക്ക് ശമ്പളം നല്‍കല്‍, അഫ്ഗാന്‍ സേനയ്ക്ക് ഭക്ഷണവും ഉപകരണങ്ങളും നല്‍കല്‍ എന്നിവ തുടര്‍ന്നുമുണ്ടാവുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമാണ്.

ഏറ്റവുമൊടുവില്‍ വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്റെ തലസ്ഥാന നഗരമായ പുലേ കുംരി, ഫറാഹ് എന്നീ രണ്ട് പ്രദേശങ്ങളാണ് താലിബാന്‍ കൈക്കലാക്കിയത്. അമേരിക്കന്‍ സൈനിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ തലസ്ഥാനമായ കാബൂള്‍ 90 ദിവസത്തിനുള്ളില്‍ താലിബാന്‍ കീഴടക്കുമെന്ന് അജ്ഞാത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. അതേസമയം, താലിബാന്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ അഫ്ഗാന്‍ ഭരണകൂടം ഇന്ത്യയുടെ പിന്തുണ തേടിയിട്ടുണ്ട്. പതിനായിരക്കണക്കിന് പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതിനെത്തുടര്‍ന്നാണ് താലിബാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it