Sub Lead

സയ്യിദ് സലാര്‍ മസൂദ് ഘാസി ദര്‍ഗയിലെ ജേത് മേളയ്ക്ക് അനുമതി നിഷേധിച്ചു

സയ്യിദ് സലാര്‍ മസൂദ് ഘാസി ദര്‍ഗയിലെ ജേത് മേളയ്ക്ക് അനുമതി നിഷേധിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബഹ്‌റെയിച്ചിലെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയിലെ ജേത് മേളയ്ക്ക് അനുമതി നിഷേധിച്ചു. മേയ് 18 മുതല്‍ നടക്കാനിരുന്ന മേളയ്ക്കാണ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചിരിക്കുന്നത്. പതിനാലാം നൂറ്റാണ്ട് മുതല്‍ നടക്കുന്ന മേളയാണിത്. ഹിന്ദുക്കളും മുസ്‌ലിംകളും അടക്കം 15 ലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും ഈ മേളയ്ക്ക് ദര്‍ഗയില്‍ എത്തുമായിരുന്നു. സയ്യിദ് സലാര്‍ മസൂദ് രാജ്യദ്രോഹിയാണെന്ന് ആരോപിച്ച് മാര്‍ച്ചില്‍ നിരവധി പരിപാടികള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മേയ് 15 മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന മേള മതസൗഹാര്‍ദ്ദത്തിന്റെ ചിഹ്നമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചിരുന്നു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഘാസി ജനിച്ചത്.

അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഘാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിതപോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.

ബഹ്‌റെയ്ച്ചിയിലാണ് സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയുള്ളത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗല്‍ക്കാണ് (ക്രി.ശേ 1309-1388) ഈ ദര്‍ഗ നിര്‍മിച്ചത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ചര്‍മരോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.

Next Story

RELATED STORIES

Share it