Sub Lead

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്റ്റാന്‍ സ്വാമി മാവോവാദികളുമായി ഗൂഡാലോചന നടത്തി: കോടതി

സ്റ്റാന്‍ സ്വാമിയും അദ്ദേഹം ആശയവിനിമയം നടത്തിയ മറ്റുള്ളവരും 'സഖാക്കള്‍' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്റ്റാന്‍ സ്വാമി മാവോവാദികളുമായി ഗൂഡാലോചന നടത്തി: കോടതി
X

മുംബൈ: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്റ്റാന്‍ സ്വാമി മാവോവാദികളുമായി ഗൂഡാലോചന നടത്തിയതായി മുംബൈ പ്രത്യേക എന്‍ഐഎ കോടതി. ഭീമാകൊറേഗാവ് കേസില്‍ 83 കാരനായ ആക്ടിവിസ്റ്റ് സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള എന്‍ഐഎ കോടതിയുടെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനും സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനും ഗൂഡാലോചന നടത്തിയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയ പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കറിന്റെ വിധിപ്പകര്‍പ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്‍ഐഎ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സ്റ്റാന്‍ സ്വാമി നിരോധിത മാവോവാദി സംഘടനയിലെ അംഗമാണെന്ന് കരുതുന്നതായി വിധിപ്പകര്‍പ്പില്‍ പറയുന്നു.

കോടതി പരാമര്‍ശിച്ച കാര്യങ്ങളില്‍ സ്റ്റാന്‍ സ്വാമിയും കൂട്ടുപ്രതികളും തമ്മില്‍ 140 ഓളം ഇമെയില്‍ സന്ദേശം കൈമാറിയിട്ടുണ്ട്. സ്റ്റാന്‍ സ്വാമിയും അദ്ദേഹം ആശയവിനിമയം നടത്തിയ മറ്റുള്ളവരും 'സഖാക്കള്‍' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. സ്റ്റാന്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ അഭിവൃദ്ധിക്കായി 'സഖാവ് മോഹന്‍' എന്നയാളില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും കോടതി വിധിയില്‍ പറയുന്നു.

നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സ്റ്റാന്‍ സ്വാമിയും രാജ്യത്താകെ അശാന്തി സൃഷ്ടിക്കുന്നതിനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകിടംമറിക്കാനും ഗുരുതരമായ ഗഡാലോചന നടത്തിയെന്നത് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജഡ്ജി കോത്താലിക്കര്‍ ഉത്തരവില്‍ പറഞ്ഞു.

സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗം മാത്രമല്ല, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബറില്‍ റാഞ്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറുമാസമായി നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹം തടവിലാണ്.

കേസിലെ സ്റ്റാന്‍ സ്വാമിയുടെ കൂട്ടുപ്രതിയായ റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ രേഖകള്‍ ഹാക്ക് ചെയ്ത് കയറ്റിയെന്ന ഫോറന്‍സിക് റിപോര്‍ട്ട് കണക്കിലെടുക്കാനും ജഡ്ജി വിസമ്മതിച്ചു. കേസിലെ തെളിവുകളുടെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കോടതി നടപടികളില്‍ ഇടപെടുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ക്കിന്‍സണ്‍സ് രോഗിയായ സ്റ്റാന്‍ സ്വാമി കഴിഞ്ഞ നവംബറില്‍ ജാമ്യത്തിന് അപേക്ഷിച്ചത്. രണ്ട് ചെവിയുടേയും കേള്‍വിശക്തി നഷ്ടപ്പെട്ടതായും അദ്ദേഹം അപേക്ഷയില്‍ പറഞ്ഞിരുന്നു. തലോജ ജയിലില്‍ ആയിരുന്നപ്പോള്‍ അനാരോഗ്യം മൂലം ജയില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നുവെന്നും സ്റ്റാന്‍ സ്വാമി കോടതിയെ ധരിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it