Sub Lead

ആന്ധ്രയില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്
X

അമരാവതി: ആന്ധ്രാപ്രദേശില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് അപകടം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അതീവഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഏലൂരിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി.

അയല്‍സംസ്ഥാനമായ തെലങ്കാനയിലെ അശ്വറോപേട്ടില്‍നിന്ന് ജംഗറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കനാലിലേക്ക് മറിഞ്ഞ ബസ്സില്‍ 45 യാത്രക്കാരും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ 47 പേരാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാരാണ് വള്ളങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനിടെ ചില യാത്രക്കാര്‍ ബസ്സിന്റെ ജനാലകളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

ബസ്സിലെ കണ്ടക്ടറും മറ്റ് നിരവധി യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് ആര്‍ടിസി, റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. മരിച്ചവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു- പശ്ചിമ ഗോദാവരി ജില്ലാ പോലിസ് സൂപ്രണ്ട് രാഹുല്‍ ദേവ് ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Next Story

RELATED STORIES

Share it