Sub Lead

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; എട്ടുപേര്‍ മരിച്ചതായി സംശയം

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; എട്ടുപേര്‍ മരിച്ചതായി സംശയം
X

മോസ്‌കോ: റഷ്യയില്‍ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചതായാണ് സംശയിക്കുന്നതെന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയില്‍ അഗ്‌നിപര്‍വതം സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്ററാണ് വ്യാഴാഴ്ച തടാകത്തിലേക്ക് തകര്‍ന്നുവീണത്. എട്ടുപേര്‍ മരിച്ചതായി സംശയിക്കുന്നതായും മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തകരും പ്രാദേശിക ഉദ്യോഗസ്ഥരും പറഞ്ഞു.

പര്‍വതപ്രദേശമായ കംചത്ക ഉപദ്വീപിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ 16 പേരുമായി സഞ്ചരിച്ച എംഐ 8 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. എട്ട് പേരെ രക്ഷപ്പെടുത്തി, രണ്ടുപേരുടെ നില ഗുരുതരമാണ്- കംചത്ക പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ സബോളിചെങ്കോ പ്രസ്താവനയില്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ മൂന്ന് ജീവനക്കാരും 13 യാത്രക്കാരുമുണ്ടായിരുന്നു. എല്ലാവരും വിനോദസഞ്ചാരികളാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

നാല്‍പ്പതോളം രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും സംഭവസ്ഥലത്തേക്ക് അയച്ചു. ഒമ്പത് പേര്‍ രക്ഷപ്പെട്ടതായി ആക്ടിങ് പ്രാദേശിക ആരോഗ്യമന്ത്രി മറീന വോള്‍ക്കോവ നേരത്തെ പറഞ്ഞിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം കുറില്‍ തടാകത്തില്‍ 330 അടി താഴ്ചയിലേക്ക് മുങ്ങിപ്പോയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വ്യോമ അപകട നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന റഷ്യന്‍ അന്വേഷണ സമിതി വ്യോമ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it