Sub Lead

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ 75,000ഓളം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി; എസ്ഡിപിഐ സ്ഥാനാര്‍ഥി പരാതി നല്‍കി

ഇതില്‍ 40,000ഓളം പേരും മുസ്ലിം വോട്ടര്‍മാരാണ്. ഇതിനെതിരേ ചെന്നൈ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജി പ്രകാശിന് പരാതി നല്‍കിയതായി ചെന്നൈ സെന്‍ട്രല്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ദഹ്‌ലാന്‍ ബാഖവി പറഞ്ഞു.

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ 75,000ഓളം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി; എസ്ഡിപിഐ സ്ഥാനാര്‍ഥി പരാതി നല്‍കി
X

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം 75,000ഓളം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായതായി പരാതി. ഇതില്‍ 40,000ഓളം പേരും മുസ്ലിം വോട്ടര്‍മാരാണ്. ഇതിനെതിരേ ചെന്നൈ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജി പ്രകാശിന് പരാതി നല്‍കിയതായി ചെന്നൈ സെന്‍ട്രല്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ദഹ്‌ലാന്‍ ബാഖവി പറഞ്ഞു. ഒരു മാസം മുമ്പ് പുറത്തിറക്കിയ പട്ടികയില്‍ ഈ പേരുകള്‍ ഉണ്ടായിരുന്നുവെന്ന് ദഹ്‌ലാന്‍ ബാഖവി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ഓണ്‍ലൈനില്‍ ചെക്ക് ചെയ്തപ്പോഴും പേരുകള്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി വ്യക്തമായത്. ഇക്കാര്യത്തില്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.

കന്യാകുമാരി ജില്ലയില്‍ തീരദേശ ഗ്രാമങ്ങളില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെ 40,000 ഓളം പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ നോട്ടീസൊന്നുമില്ലാതെയാണ് ഇവരുടെ പേരുകള്‍ നീക്കം ചെയ്തത്. അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ എങ്ങിനെയാണ് നീക്കം ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്നും ദഹ് ലാന്‍ ബാഖവി പറഞ്ഞു.

തമിഴ്‌നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടതായി നേരത്തേ ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ഇങ്ങനെ നീക്കം ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ദലിത്, മുസ്ലിം വോട്ടര്‍മാരായിരുന്നു. ഹാര്‍ബര്‍ ഡിഎംകെ എംല്‍എ ശേഖര്‍ ബാബുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയിരക്കണക്കിന് മുസ്ലിം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണെന്ന് വ്യക്തമായത്. ഹാര്‍ബറില്‍ മാത്രം പതിനായിരത്തിലേറെ മുസ്ലിം വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് ഹാര്‍ബര്‍.

അന്ന് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിയപ്പോള്‍ മുസ്ലിം പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് മനപൂര്‍വ്വമല്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടത്. ഭൂരിഭാഗം പേരും വീണ്ടും വോട്ട് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഇവരുടെ പേരു കൂടി ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it