Sub Lead

2006ലെ മുംബൈ തീവണ്ടി സ്‌ഫോടനങ്ങള്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

2006ലെ മുംബൈ തീവണ്ടി സ്‌ഫോടനങ്ങള്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
X

മുംബൈ: 2006ല്‍ മുംബൈയില്‍ വിവിധ ട്രെയ്‌നുകളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ മുഴുവന്‍ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്ന കമല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതാവുര്‍ റഹ്‌മാന്‍ ശെയ്ഖ്, ഇത്തിഷാം ഖുത്തുബ്ദീന്‍ സിദ്ദീഖി, നവീദ് ഹുസൈന്‍ ഖാന്‍, ആസിഫ്ഖാന്‍, ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന തന്‍വീര്‍ അഹമദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ശെയ്ഖ് മുഹമ്മദ് അലി ആലം ശെയ്ഖ്, മുഹമ്മദ് സാജിദ് മര്‍ഗൂബ് അന്‍സാരി, മുസമ്മില്‍ അതാവുര്‍ റഹ്‌മാന്‍ ശെയ്ഖ്, സുഹൈല്‍ മഹ്‌മൂദ് ശെയ്ഖ്, സമീര്‍ അഹമദ് ലതിയൂര്‍ റഹ്‌മാന്‍ ശെയ്ഖ് എന്നിവരെയാണ് വെറുതെവിട്ടിരിക്കുന്നത്.

2006 ജൂലൈ 11നാണ് മുംബൈയിലെ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ട്രയ്‌നുകളില്‍ ഏഴു സ്‌ഫോടനങ്ങള്‍ നടന്നത്. 189 പേര്‍ മരിക്കുകയും 820 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ ആരോപണവിധേയരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ അപ്പീലുകളാണ് ജസ്റ്റിസുമാരായ അനില്‍ കിലോറും ശ്യാം ചന്ദകും കേട്ടത്. കേസിലെ ഒരു ആരോപണ വിധേയനായിരുന്ന വാഹിദ് ശെയ്ഖിനെ വിചാരണക്കോടതി തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. ഒമ്പത് വര്‍ഷമായിരുന്നു വാഹിദ് ജയിലില്‍ കിടന്നത്.

സമീര്‍ അഹമദ് ലതിയൂര്‍ റഹ്‌മാന്‍ ശെയ്ഖിന് വേണ്ടി ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന സീനിയര്‍ അഭിഭാഷകന്‍ ഡോ. എസ് മുരളീധറാണ് ഹാജരായത്. അന്വേഷണത്തിലെ പക്ഷപാതിത്വം അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമവിചാരണ മൂലം വിചാരണക്കോടതി സ്വാധീനിക്കപ്പെട്ടെന്നും അദ്ദേഹം വാദിച്ചു.

'' നിരപരാധികളെ ജയിലില്‍ അടയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതരാവുമ്പോള്‍ ജീവിതം പുനര്‍നിര്‍മിക്കാന്‍ സാധ്യതകളില്ല. കഴിഞ്ഞ 17 വര്‍ഷമായി ഈ പ്രതികള്‍ ജയിലിലാണ്. അവര്‍ ഒരു ദിവസം പോലും പുറത്തിറങ്ങിയിട്ടില്ല. അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇല്ലാതായി. പൊതുജന പ്രതിഷേധം ഉയരുന്നതിനാല്‍ പോലിസ് എപ്പോഴും ആരോപണവിധേയര്‍ കുറ്റക്കാരാണെന്ന നിലപാട് സ്വീകരിക്കും. അത്തരം കേസുകളില്‍ പോലിസുകാര്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നു. ആരോപണവിധേയര്‍ കുറ്റക്കാരാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും. നിരവധി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. നിരപരാധികളെ പ്രതികളാക്കി ജയിലില്‍ അടച്ചു. എന്നിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ കുറ്റവിമുക്തരാക്കുന്നു. അപ്പോള്‍ ആര്‍ക്കും നീതി ലഭിക്കുന്നില്ല. തീവ്രവാദ കേസുകളിലെ അന്വേഷണങ്ങളില്‍ ഏജന്‍സികള്‍ പരാജയപ്പെട്ടതിന്റെ ചരിത്രമുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈകിയിട്ടില്ല. തെറ്റുതിരുത്താന്‍ കോടതിക്ക് കഴിയും. ആരോപണങ്ങള്‍ ആരോപണവിധേയനെ മാത്രമല്ല, അയാളുടെ കുട്ടികളെയും മാതാപിതാക്കളെയും ബന്ധുക്കളെയും വരെ മോശക്കാരാക്കും. ഒരിക്കല്‍ ആരോപണ വിധേയരായാല്‍ സമൂഹം അവരോട് ക്രൂരമായി പെരുമാറും. ഇക്കാര്യം കൂടി പരിഗണിക്കണം.''-ഡോ. എസ് മുരളീധര്‍ വാദിച്ചു.

വിധിപ്പകര്‍പ്പ് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.

Next Story

RELATED STORIES

Share it