Sub Lead

ഫിലിപ്പീന്‍സില്‍ 6.1 തീവ്രതയില്‍ ഭൂചലനം

ഫിലിപ്പീന്‍സില്‍ 6.1 തീവ്രതയില്‍ ഭൂചലനം
X

മനില: മധ്യ ഫിലിപ്പീന്‍സിലെ മാസ്‌ബേറ്റ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടോടെയായിരുന്നു ഭൂചലനം. മാസ്‌ബേറ്റിലെ മിയാഗയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. വന്‍ ഭൂചലനമാണുണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപോര്‍ട്ടില്ല. ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് ഉസണ്‍ പോലിസ് മേധാവി ക്യാപ്റ്റന്‍ റെഡന്‍ ടോലെഡോ പറഞ്ഞു. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. വീടുകളില്‍ തിരികെ പ്രവേശിക്കാനാവാതെ ഭയന്ന് വഴിയരികിലാണ് ഇപ്പോഴും ജനങ്ങള്‍.

ഭൂകമ്പത്തിന് ഏകദേശം ഒരുമണിക്കൂറിന് ശേഷം ശക്തമായ തുടര്‍ചലനം അനുഭവപ്പെട്ടതായി പ്രാദേശിക ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കാണുന്നില്ലെന്നും ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പ്രവിശ്യയില്‍ 'തുടര്‍ച്ചയായ തുടര്‍ചലനങ്ങള്‍' അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാസ്‌ബേറ്റ് വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച ക്ലാസുകള്‍ നിര്‍ത്തിവച്ചതായി റിപോര്‍ട്ടുണ്ട്.

ജപ്പാനില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് തടത്തിലുടനീളവും വ്യാപിച്ചുകിടക്കുന്ന ഫിലിപ്പീന്‍സില്‍ ഭൂകമ്പങ്ങള്‍ നിത്യസംഭവമാണ്. വടക്കന്‍ ഫിലിപ്പീന്‍സില്‍ ഒക്ടോബറിലാണ് അവസാനമായി വലിയ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അബ്ര പ്രവിശ്യയിലെ പര്‍വത നഗരമായ ഡോളോറസില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പ്രദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it