Sub Lead

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് മാത്രം മുക്കിയത് 60 ലക്ഷം; പയ്യന്നൂരിലെ സിപിഎമ്മിൽ ഒരു കോടിയുടെ വെട്ടിപ്പ്

പാർട്ടിയെ നാണിപ്പിക്കുന്ന കഥകൾ പുറത്തുവരുമ്പോഴും പാർട്ടി അണികളിൽ നിന്നോ മേഖലയിലെ പ്രവർത്തകരിൽ നിന്നോ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന്റെ പേരിൽ ചിട്ടി നടത്തി ലക്ഷങ്ങൾ വെട്ടിച്ചെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് മാത്രം മുക്കിയത് 60 ലക്ഷം; പയ്യന്നൂരിലെ സിപിഎമ്മിൽ ഒരു കോടിയുടെ വെട്ടിപ്പ്
X

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ പയ്യന്നൂരിലെ പാർട്ടിക്ക് ഉള്ളിൽ നിന്നുയരുന്നത് പണക്കൊതിയുടെ ജീർണിച്ച കഥകൾ. പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ട് അഴിമതിയുടെ കഥകൾ ഒന്നൊന്നായി പുറത്തുവരുമ്പോഴും കൃത്യമായ മൗനം നടിക്കുകയാണ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ. ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ ധനരാജ് രക്തസാക്ഷി സഹായ ഫണ്ടിൽ നിന്നുപോലും 60 ലക്ഷം രൂപ നേതൃത്വത്തിലിരുന്നവർ തട്ടിയെടുത്തെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നിരിക്കുന്നത്.

പാർട്ടിയെ നാണിപ്പിക്കുന്ന കഥകൾ പുറത്തുവരുമ്പോഴും പാർട്ടി അണികളിൽ നിന്നോ മേഖലയിലെ പ്രവർത്തകരിൽ നിന്നോ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന്റെ പേരിൽ ചിട്ടി നടത്തി ലക്ഷങ്ങൾ വെട്ടിച്ചെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. 2017ലാണ് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവൻ നിർമിക്കുന്നത്. ആ കാലയളവിൽ പാർട്ടി ഏരിയാ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നത് ഇപ്പോഴത്തെ പയ്യന്നൂർ നിയോജക മണ്ഡലം എംഎൽഎ ടി ഐ മധുസൂദനൻ ആയിരുന്നു.

പയ്യന്നൂരിലെ സിപിഎമ്മിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിലൊരു ഫണ്ട് തട്ടിപ്പ് കഥ പുറത്തുവരുന്നത്. പണം പിരക്കുന്നതിന് ഉപയോ​ഗിച്ച വ്യാജ രസീതി അച്ചടിച്ചത് പയ്യന്നൂരിലെ തന്നെ സ്വകാര്യ പ്രസ്സായ മലബാർ പ്രസിൽ നിന്നാണെന്നും, ടി വി രാജേഷ് ചെയർമാനായുള്ള അന്വേഷണ കമ്മീഷൻ ഇത് കണ്ടെത്തിയതായും കഴിഞ്ഞ ദിവസം ചർച്ചയ്യ്ക്ക് വച്ച അന്വേഷണ റിപോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.

രക്തസാക്ഷി ഫണ്ടിൽ നിന്നും കുടുംബാംഗങ്ങൾക്കും വീടു നിർമ്മാണത്തിനുമായി ചെലവിട്ട പണം കഴിച്ചുള്ള 60 ലക്ഷം രൂപ ഫിക്സഡ് ഡെപോസിറ്റായി രണ്ടു നേതാക്കളുടെ പേരിലാണ് ഇട്ടിരുന്നതെന്നും പിന്നീട് ഈ എഫ്ഡി ആരുമറിയാതെ പിൻവലിച്ചതായി അന്വേഷണ കമ്മീഷൻ റിപോർട്ടിൽ പറയുന്നു. പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കിലുള്ള കടബാധ്യത ജപ്തി നടപടിയിലേക്കെത്തിയപ്പോഴാണ് എഫ്ഡിയായി നിക്ഷേപിച്ച പണം പിൻവലിച്ചതായി കണ്ടെത്തിയത്. ഇതേതുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുകയും അന്വേഷണം നടത്താൻ ഏരിയാ കമ്മിറ്റിയോട് നിർദേശിക്കുകയുമായിരുന്നു.

ആരോപണ വിധേയരായ നേതാക്കൾക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിർദേശമനുസരിച്ചു പ്രവർത്തിച്ചവരുടേതു വീഴ്ചയാണെന്നും വിലയിരുത്തി പേരിനു നടപടിയെടുക്കാനാണ് ആലോചന. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിൽ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാവർക്കുമെതിരേ കർശന നടപടി ഉണ്ടാകില്ലെന്നാണു വിവരം. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റി അംഗത്തെക്കൊണ്ട് ഏറ്റെടുപ്പിച്ചു നേതാക്കളെ സംരക്ഷിച്ചെടുക്കാൻ ആണു ഇപ്പോൾ ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിവാദ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല.

അന്വേഷണ കമ്മിഷൻ അംഗങ്ങളെയും ആരോപണ വിധേയരായ 2 നേതാക്കളെയും ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ ഉന്നത നേതാക്കൾ പ്രത്യേകമായി വിളിച്ചു സംസാരിച്ചതായാണു വിവരം. അണികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പെരിങ്ങോം, പേരാവൂർ ഏരിയ കമ്മിറ്റികൾക്കു കീഴിലും പാർട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്ന വിവാദ വിഷയങ്ങൾ പുകയുന്നുണ്ട്.

Next Story

RELATED STORIES

Share it