Sub Lead

'ഭരണഘടനാ മാറ്റ'ത്തെക്കുറിച്ച് പറഞ്ഞ ബിജെപി എംപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്

ഭരണഘടനാ മാറ്റത്തെക്കുറിച്ച് പറഞ്ഞ ബിജെപി എംപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്
X

ന്യൂഡല്‍ഹി: ബിജെപിക്ക് 400 സീറ്റ് കിട്ടിയാലേ ഭരണഘടന മാറ്റിയെഴുതാനാവൂവെന്ന് പ്രസംഗിച്ച ബിജെപി എംപിയെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് പുറത്താക്കി. കര്‍ണാടകയില്‍ നിന്ന് ആറ് തവണ എംപിയായ എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയെയാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയത്. ബിജെപിയുടെ 400 സീറ്റ് ലക്ഷ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. അനന്ത്കുമാര്‍ ഹെഗ്‌ഡെ കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഉത്തര കന്നഡ ലോക്‌സഭാ സീറ്റില്‍ നിന്ന് ആറ് തവണയാണ് വിജയിച്ചത്. നാല് തവണ തുടര്‍ച്ചയായി ജയിച്ചിരുന്നു. 'ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍' കോണ്‍ഗ്രസ് ഭരണഘടന ഉപയോഗിക്കുകയാണെന്നും ഭരണഘടന 'തിരിച്ചെഴുതേണ്ടത്' ആവശ്യമാണെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം.

'കോണ്‍ഗ്രസ് ഭരണഘടനയെ അടിസ്ഥാനപരമായി വളച്ചൊടിച്ച് അതില്‍ അനാവശ്യമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചു, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ കൊണ്ടുവന്ന് , ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ നിലവിലുള്ള ഭൂരിപക്ഷത്തില്‍ സാധ്യമല്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഇല്ലാത്തതിനാലും മോദിക്ക് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാലും അത് ചെയ്യാന്‍ കഴിയും. രാജ്യസഭയിലും സംസ്ഥാനങ്ങളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാല്‍ അത് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദമായതോടെ ഹെഗ്‌ഡെയുടെ പരാമര്‍ശം വ്യക്തിപരമാണെന്നു പറഞ്ഞ് ബിജെപി കൈയൊഴിഞ്ഞിരുന്നു. നേരത്തെയും വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ഹെഗ്‌ഡെയ്ക്കു പകരം വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയാണ് പകരക്കാരനായി മല്‍സരിക്കുന്നത്.

Next Story

RELATED STORIES

Share it