Sub Lead

ആന്ധ്രയിലെ കനത്ത മഴയും വെള്ളപ്പൊക്കവും; മരണം 24 ആയി, നിരവധി പേരെ കാണാതായി (വീഡിയോ)

ആന്ധ്രയിലെ കനത്ത മഴയും വെള്ളപ്പൊക്കവും; മരണം 24 ആയി, നിരവധി പേരെ കാണാതായി (വീഡിയോ)
X

അമരാവതി: ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക ദുരന്തം വിതക്കുന്നു. ഇതുവരെ മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി. നിരവധി പേരെയാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. നൂറോളം പേര്‍ ഒലിച്ചുപോയതായാണ് അനൗദ്യോഗിക റിപോര്‍ട്ടുകള്‍. ക്ഷേത്രനഗരമായ തിരുപ്പതിയില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കൂടുതലായും കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നൂറുകണക്കിന് തീര്‍ത്ഥാടകര്‍ വലിയ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്. ചെയ്യൂര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. അന്നമയ്യ ജലസേചന പദ്ധതിക്കും തിരിച്ചടിയായി. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയസംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നുണ്ട്.

വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡുകള്‍ തകരുകയും റെയില്‍, റോഡ്, വ്യോമഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കടപ്പ വിമാനത്താവളം നവംബര്‍ 25 വരെ അടച്ചിടും. ചിറ്റൂര്‍, കടപ്പ, കുര്‍ണൂല്‍, അനന്ത്പൂര്‍ ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്.

24 Dead, Many Missing After Heavy Rain In Andhra Pradeshരായലസീമ മേഖലയിലാണ് മഴ കൂടുതല്‍ തീവ്രമായിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ശനിയാഴ്ച രാവിലെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ ശക്തിപ്രാപിക്കുകയും കനത്ത പേമാരിക്ക് കാരണമാവുകയുമായിരുന്നു. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.

വലിയ പാറക്കല്ലുകള്‍ വീണാണ് റോഡ് ഗതാഗതം സ്തംഭിച്ചത്. അനന്തപൂര്‍ ജില്ലയിലെ കാദിരി ടൗണില്‍ രാത്രി വൈകി പെയ്ത കനത്ത മഴയില്‍ പഴയ മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ചിറ്റൂര്‍ ജില്ലയിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലാണ് നാശനഷ്ടങ്ങളേറെയും. ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമല കുന്നുകളില്‍നിന്നുമുള്ള മലവെള്ളം കുത്തിയൊലിച്ച് സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയും ജലാശയങ്ങള്‍ നിറയുകയും ചെയ്തതാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിന് കാരണമായത്.

വെള്ളപ്പൊക്കത്തിലും വൈദ്യുതാഘാതവുമേറ്റ് ജില്ലയില്‍ ഏഴുപേരാണ് മരിച്ചത്. ചിറ്റൂരിലെ പലയിടത്തും വ്യാഴാഴ്ച 12 മുതല്‍ 19 സെന്റീമീറ്റര്‍ വരെ മഴ പെയ്തിരുന്നു. എന്നാല്‍, 10 ദിവസത്തിനിടെ രണ്ട് ന്യൂനമര്‍ദങ്ങളുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ജലസംഭരണികളെല്ലാം നിറഞ്ഞു. ഇത് അഭൂതപൂര്‍വമായിരുന്നു- ആന്ധ്രാപ്രദേശിലെ സ്‌പെഷ്യല്‍ ഡിസാസ്റ്റര്‍ കമ്മീഷണര്‍ കണ്ണ ബാബു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ പ്രളയത്തില്‍ മുങ്ങി. അവയില്‍ കുടുങ്ങിയ 12 പേരെ രക്ഷിക്കാനായില്ല.

30 ഓളം പേരാണ് ബസ്സുകളിലുണ്ടായിരുന്നത്. പ്രളയത്തില്‍ ബസ്സുകള്‍ മുങ്ങിക്കിടക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ബസ് പൂര്‍ണമായും വെള്ളത്തില്‍ ഒഴുകിപ്പോയി മുങ്ങിയ നിലയിലാണ്. മറ്റൊരു ബസ്സിന് മുകളില്‍ യാത്രക്കാര്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനിടെ, അനന്ദപൂര്‍ ജില്ലയിലെ വെല്‍ദുരുത്തിയില്‍ മഴയില്‍ കുടുങ്ങിയ പത്ത് പേരെ എയര്‍ലിഫ്റ്റിങ്ങിലൂടെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ആളുകളെ രക്ഷപ്പെടുത്തിയത്.

ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കവും അഭിമുഖീകരിക്കുന്നതിനാല്‍ നവംബര്‍ 20 ശനിയാഴ്ച രണ്ട് സംസ്ഥാനങ്ങളിലെയും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുമെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടാനോ റീ ഷെഡ്യൂള്‍ ചെയ്യാനോ ഭാഗികമായി റദ്ദാക്കാനോ, റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it