Sub Lead

ഒറ്റ ദിവസം സിഎംആര്‍ഡിഎഫിലേക്ക് ലഭിച്ചത് 22 ലക്ഷം; ഇങ്ങനെയൊരു ജനത കൂടെ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ തളര്‍ന്നു പോവില്ലെന്ന് മുഖ്യമന്ത്രി

ഒറ്റ ദിവസം സിഎംആര്‍ഡിഎഫിലേക്ക് ലഭിച്ചത് 22 ലക്ഷം;  ഇങ്ങനെയൊരു ജനത കൂടെ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ തളര്‍ന്നു പോവില്ലെന്ന് മുഖ്യമന്ത്രി
X
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നതിനിടെ വാക്‌സിനു വേണ്ടി കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടും നിസംഗത കാട്ടുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വാക്‌സിന്റെ തുക നല്‍കി മലയാളികള്‍. സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് ചിലര്‍ വാക്‌സിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തയ്യാറായത്. ചിലര്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയും തുക നല്‍കിയ കാര്യം സ്‌ക്രീന്‍ ഷോട്ടെടുത്ത് പുറത്തിവിടുകയും ചെയ്തതോടെ വന്‍ സ്വീകാര്യതയാണു ലഭിച്ചത്. വാക്‌സിന്‍ സംഭരിക്കുന്നതിനായി സിഎംആര്‍ഡിഎഫിലേക്ക് ഇന്ന് വൈകീട്ട് നാലര വരെ 22 ലക്ഷം രൂപയാണ് സംഭാവന ലഭിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തുകയും ചെയ്തു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാരത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരായ പ്രതിഷേധം കൂടിയായാണ് ഇതിനെ ചിലര്‍ കാണുന്നത്. നേരത്തേ പ്രളയകാലത്തും ഇത്തരത്തില്‍ മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വീകരിച്ചിരുന്നു.

എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി നാടിന്റെ നന്മയ്ക്കായി കൈകോര്‍ക്കുന്ന കൂട്ടായ്മയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കേരളത്തിന്റെ ഈ ശക്തി നമ്മളിതിനു മുമ്പും തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വാക്‌സിന്‍ നയം കാരണം നമ്മുടെ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തോട് വിസ്മയകരമായ ഇച്ഛാശക്തിയോടെയാണ് കേരള ജനത പ്രതികരിച്ചത്. വാക്‌സിന്‍ സംഭരിക്കുന്നതിനായി സിഎംആര്‍ഡിഎഫിലേക്ക് ഇന്ന് വൈകീട്ട് നാലര വരെ ലഭിച്ച സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടും നാടിന്റെ നന്മയ്ക്കായി ജനങ്ങള്‍ ഒത്തൊരുമിച്ചു. ഇങ്ങനെയൊരു ജനത കൂടെ നില്‍ക്കുമ്പോള്‍ ഈ സര്‍ക്കാര്‍ ഒരിക്കലും തളര്‍ന്നു പോവില്ല. എല്ലാവരോടും ഹൃദയത്തില്‍ കൈകള്‍ ചേര്‍ത്തുകൊണ്ട് നന്ദി പറയുന്നു. നമ്മള്‍ ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കും. നമ്മുടെ നാടിനു കാവലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

22 lakh received by CMRDF in a single day: Chief Minister


Next Story

RELATED STORIES

Share it