Sub Lead

മലേഗാവ് സ്‌ഫോടന കേസ്: കാണാതായ രേഖകളും ചുരുളഴിയാത്ത രഹസ്യങ്ങളും

മലേഗാവ് സ്‌ഫോടന കേസ്: കാണാതായ രേഖകളും ചുരുളഴിയാത്ത രഹസ്യങ്ങളും
X

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട 13 സാക്ഷിമൊഴികള്‍ 2016ല്‍ വിചാരണക്കോടതിയുടെ രേഖകളില്‍ നിന്നും കാണാതായിരുന്നു. 2025ല്‍ വിചാരണ അവസാനിക്കും വരെ അവ കണ്ടുകിട്ടിയില്ല. കേസിലെ പ്രതികളായ ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍ അടക്കം ഏഴുപേര്‍ക്കെതിരെ ശക്തമായ സംശയമുണ്ടെങ്കിലും ശിക്ഷിക്കാന്‍ വേണ്ട നിയമപരമായ തെളിവുകളില്ലെന്നാണ് വ്യാഴാഴ്ച വിചാരണക്കോടതി പറഞ്ഞത്. പ്രതികള്‍ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നും വിചാരണക്കോടതി വ്യക്തമാക്കി.

എന്നാല്‍, മലേഗാവില്‍ സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നതിന് തെളിവായി ഭീകരവിരുദ്ധ സേന കൊണ്ടുവന്ന സാക്ഷിമൊഴികളാണ് കാണാതായ മൊഴികളെല്ലാം. സിആര്‍പിസിയിലെ 164ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്തിയ ഈ മൊഴികളുടെ തെളിവ് മൂല്യം കൂടുതലായിരുന്നു. ഈ മൊഴികള്‍ പരിഗണിക്കാന്‍ സാധിക്കാത്തതിനാലാണ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിന് തെളിവുകളില്ലെന്ന് വിചാരണക്കോടതിക്ക് പറയേണ്ടി വന്നത്.

2011ല്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയില്‍ നിന്നും എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ചില സാക്ഷികളുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഭീകരവിരുദ്ധ സേനയ്ക്ക് നല്‍കിയ മൊഴികള്‍ കാണാതായതിനാല്‍, എന്‍ഐഎയ്ക്ക് നല്‍കിയ പുതിയ മൊഴികളിലെ വ്യത്യാസങ്ങള്‍ ക്രോസ് വിസ്താരത്തില്‍ പരിശോധിക്കാനായില്ല.

അതിനാല്‍ തന്നെ കാണാതായ മൊഴികളുടെ ഫോട്ടോകോപ്പികള്‍ വിചാരണയ്ക്ക് ഉപയോഗിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതി അത് അംഗീകരിച്ചെങ്കിലും പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫോട്ടോകോപ്പികള്‍ യഥാര്‍ത്ഥ മൊഴികളുടെ പകര്‍പ്പ് തന്നെയാണ് എന്നതിന് തെളിവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

പ്രതികള്‍ക്ക് മൊഴികളുടെ ഫോട്ടോകോപ്പി നല്‍കിയിരുന്നെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, തങ്ങളുടെ അഭിഭാഷകര്‍ മാറിയെന്നും പുതിയ അഭിഭാഷകരുടെ കൈവശം അവയില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇത് പ്രതിഭാഗത്തിനെതിരായ പരാമര്‍ശമായി രേഖപ്പെടുത്തണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം.

സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റുമാരെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കി ക്രോസ് വിസ്താരം ചെയ്തില്ലെന്നും വിചാരണക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ഫോട്ടോകോപ്പിയെ മൊഴിപ്പകര്‍പ്പായി കാണാനാവില്ലെന്നാണ് വിചാരണക്കോടതി പറഞ്ഞത്. പ്രത്യേക ഭരണഘടനയുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും മുസ്‌ലിംകളെ ആക്രമിക്കാനും പ്രതികള്‍ ഗൂഡാലോചന നടത്തിയെന്ന സുപ്രധാനമൊഴിയും കാണാതായതില്‍ ഉള്‍പ്പെടുന്നു. മൊഴി നല്‍കിയ 39 സാക്ഷികള്‍ കൂറുമാറുകയും ചെയ്തു.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം സിമി എന്ന സംഘടനയുടെ ഓഫീസുണ്ടെന്നും അവര്‍ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ഒരു വാദം. എന്നാല്‍, പ്രതിഭാഗത്തിന്റെ ആരോപണത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു.

അതേസമയം, സൈന്യത്തിന് വേണ്ടി അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയില്‍ നുഴഞ്ഞുകയറിയെന്ന ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിന്റെ വാദം വിചാരണക്കോടതി തള്ളുകയും ചെയ്തു. അഭിനവ് ഭാരതിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് പുരോഹിതെന്ന് തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന് ശേഷം സൈന്യം പുരോഹിതിനെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല. പുരോഹിതിന് എതിരായ ആരോപണങ്ങള്‍ സൈനിക ജോലിയുമായി ബന്ധപ്പെട്ടതല്ലെന്നും ഗുരുതരമാണെന്നും ശിക്ഷിക്കാനുള്ള തെളിവുകള്‍ ഇല്ലെന്നുമാണ് കോടതി പറഞ്ഞത്. തന്നെ കസ്റ്റഡിയില്‍ പോലിസ് പീഡിപ്പിച്ചെന്ന പുരോഹിതിന്റെ വാദവും കോടതി തള്ളി.

Next Story

RELATED STORIES

Share it