Sub Lead

രോഗികള്‍ മരിച്ചത് 'ഓക്‌സിജന്‍ മോക് ഡ്രില്‍' മൂലമല്ല; യുപിയിലെ സ്വകാര്യാശുപത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപോര്‍ട്ട്

നേരത്തെ പുറത്തുവന്ന റിപോര്‍ട്ടുകള്‍പ്രകാരം ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയില്‍ 22 രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടതെങ്കിലും 16 പേരുടെ വിവരങ്ങളാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഒന്നുപോലും മോക് ഡ്രില്‍ മൂലമല്ലെന്നും എല്ലാ രോഗികളും ഗുരുതരാവസ്ഥയിലുള്ളവരായിരുന്നുവെന്നും കൊവിഡിനൊപ്പം ഒന്നിലധികം രോഗങ്ങള്‍ ബാധിച്ചിരുന്നവരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ മോക് ഡ്രില്‍ മൂലമല്ല; യുപിയിലെ സ്വകാര്യാശുപത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപോര്‍ട്ട്
X

ലഖ്‌നോ: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കവെ ഉത്തര്‍പ്രദേശില്‍ 'മോക് ഡ്രില്‍' എന്ന പേരില്‍ ഓക്‌സിജന്‍ കട്ട് ചെയ്തതിനെത്തുടര്‍ന്ന് 22 ഓളം രോഗികള്‍ മരിക്കാനിടയായ സംഭവം രാജ്യത്ത് ഞെട്ടലുളവാക്കിയതാണ്. ആശുപത്രി ഉടമ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്ന ഓഡിയോ സംഭാഷണമാണ് പുറത്തുവന്നിരുന്നത്. ഏപ്രില്‍ 26ന് അഞ്ചുമിനിറ്റ് നേരത്തേക്ക് നടന്ന 'മോക് ഡ്രില്ലില്‍' 22 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നായിരുന്നു ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആഗ്ര ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, 16 രോഗികള്‍ മരിച്ചത് 'ഓക്‌സിജന്‍ മോക് ഡ്രില്‍' മൂലമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആഗ്രയിലെ സ്വകാര്യാശുപത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള അന്വേഷണ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന റിപോര്‍ട്ടുകള്‍പ്രകാരം ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയില്‍ 22 രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടതെങ്കിലും 16 പേരുടെ വിവരങ്ങളാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഒന്നുപോലും മോക് ഡ്രില്‍ മൂലമല്ലെന്നും എല്ലാ രോഗികളും ഗുരുതരാവസ്ഥയിലുള്ളവരായിരുന്നുവെന്നും കൊവിഡിനൊപ്പം ഒന്നിലധികം രോഗങ്ങള്‍ ബാധിച്ചിരുന്നവരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. 16 രോഗികളില്‍ 14 പേരും ഒന്നിലധികം രോഗങ്ങളുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് രോഗികളില്‍ നെഞ്ചിലെ ഉയര്‍ന്ന അണുബാധയും (എച്ച്ആര്‍സിടി വര്‍ധന) കോശങ്ങളെ ബാധിക്കുന്ന രോഗവും പിടിപെട്ടിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും കൊവിഡ് പ്രോട്ടോക്കോളുകള്‍ പ്രകാരം ചികില്‍സ നല്‍കിയിട്ടുണ്ട്. തെളിവുകള്‍ പരിശോധിച്ചതില്‍നിന്ന് ഇതില്‍ ഒരു രോഗിക്കും ഓക്‌സിജന്‍ വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമായതായി കമ്മിറ്റി അറിയിച്ചു.

മരിച്ച 16 പേരില്‍ ഏഴ് രോഗികളുടെ കുടുംബങ്ങളുടെ പരാതികള്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 25ന് 20 റിസര്‍വ് സിലിണ്ടര്‍ ഉള്‍പ്പെടെ 149 ഓക്‌സിജന്‍ സിലിണ്ടറുകളും ഏപ്രില്‍ 26ന് 15 റിസര്‍വ് സിലിണ്ടര്‍ ഉള്‍പ്പെടെ 121 ഓക്‌സിജന്‍ സിലിണ്ടറുകളും ആശുപത്രിക്ക് നല്‍കിയതായി കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നു. ഈ ഓക്‌സിജന്‍ സ്റ്റോാക്ക് അവിടെ പ്രവേശിപ്പിച്ച രോഗികള്‍ക്ക് മതിയാവുന്നതാണെന്ന് ആശുപത്രി ഉടമ അരിഞ്ജയ് ജെയിന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് സമിതി വിലയിരുത്തി. 'രോഗികള്‍ മരിച്ചുവെന്നത് തീര്‍ത്തും അസത്യമാണ്. ഓക്‌സിജന്‍ വിതരണം വെട്ടിക്കുറച്ചതിന് ശേഷം ഒരു മോക്ക് ഡ്രില്ലും നടത്തിയിട്ടില്ല. ആരുടേയും ഓക്‌സിജന്‍ വിതരണം ഛേദിക്കപ്പെട്ടിട്ടില്ല. ഇതിന് തെളിവുകളൊന്നുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന കിംവദന്തികളാണ് പ്രചരിക്കുന്നത്. അല്ലാത്തപക്ഷം ഏപ്രില്‍ 26ന് രാവിലെ 7 ന് 22 മരണം സംഭവിക്കുമായിരുന്നു- ജെയിനെ ഉദ്ധരിച്ച് കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നു. 'ആശുപത്രിയില്‍ ഓക്‌സിജനുണ്ടായിരുന്നു.

പക്ഷേ ഭാവിയിലെ വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓക്‌സിജന്‍ വിലയിരുത്തല്‍ മോക്ക് ഡ്രില്ലായിരുന്നു നടത്തിയത്. ഓക്‌സിജന്‍ വിതരണം പരിമിതമാണെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് വിലയിരുത്തുന്നതിന് ഞങ്ങള്‍ ഹൈപ്പോക്‌സിയയുടെയും ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലിന്റെയും ലക്ഷണങ്ങള്‍ നിരീക്ഷിച്ചു. ഓരോ രോഗിയുടെയും കിടക്ക വിശകലനം ഞങ്ങള്‍ നടത്തി. പ്രവേശിപ്പിക്കപ്പെട്ട 22 രോഗികളുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി- ജെയ്ന്‍ സമിതിയെ അറിയിച്ചു. സമിതിയിലെ നാല് അംഗങ്ങളില്‍ മൂന്നുപേര്‍ എസ്എന്‍ മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ത്രിലോക് ചന്ദ്ര പിപാല്‍, വൈദ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബല്‍വീര്‍ സിങ്, ഫോറന്‍സിക് വിഭാഗത്തില്‍നിന്നുള്ള ഡോ. റിച്ച ഗുപ്ത എന്നിവരാണ്.

ആഗ്രയിലെ അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി കെ ശര്‍മയാണ് നാലാമത്തെ അംഗം. വീഡിയോ റെക്കോര്‍ഡുചെയ്ത ദിവസം ഓക്‌സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങഗ് പറഞ്ഞു. എന്നിരുന്നാലും പകര്‍ച്ചവ്യാധി നിയമപ്രകാരം ആശുപത്രിക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ച ശേഷം തന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ജെയ്ന്‍ പറയുന്നു. ഓക്‌സിജന്‍ ഉപയോഗം സംബന്ധിച്ച് ഞങ്ങള്‍ക്ക് ഭരണകൂടത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. ഏപ്രില്‍ മൂന്നാം വാരത്തില്‍ ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളെ പ്രത്യേകമായി ഞങ്ങള്‍ തരംതിരിച്ചെന്നും ജെയ്ന്‍ പറയുന്നു.

Next Story

RELATED STORIES

Share it