Sub Lead

മന്ത്രിസഭാ പുനസംഘടന; രാജസ്ഥാനില്‍ 15 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിസഭാ പുനസംഘടന; രാജസ്ഥാനില്‍ 15 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
X

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഏറെക്കാലമായി ഉടലെടുത്തിരുന്ന തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും താല്‍ക്കാലികമായ പരിഹാരമായി. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരിന് മന്ത്രിസഭാ പുനസംഘടനയോടെയാണ് ഒരു പരിധിവരെ വിരാമമായിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പുതുതായി ചുമതലയേല്‍ക്കുന്ന 15 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 കാബിനെറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിസ്ഥാനത്തുനിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരുള്‍പ്പടെ അഞ്ചുപേരാണ് പൈലറ്റ് ക്യാംപില്‍നിന്ന് മന്ത്രിമാരായത്. പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയപ്പോഴാണ് അദ്ദേഹത്തിനൊപ്പം രണ്ടുപേരെയും മന്ത്രിസഭയില്‍നിന്ന് ഗെലോട്ട് പുറത്താക്കിയത്. ഇവര്‍ മന്ത്രിസഭയില്‍ തിരികെയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്ന് പേര്‍ക്ക് കാബിനെറ്റ് പദവി ലഭിച്ചപ്പോള്‍ രണ്ടുപേര്‍ സഹമന്ത്രിമാരായി. മന്ത്രിസഭയിലെ എല്ലാവരും രാജി സമര്‍പ്പിച്ചിരുന്നെങ്കിലും സംഘടനാ ചുതലയുള്ള രഘുശര്‍മയുടെയും ഗോവിന്ദ് സിങ് ദോതാസരയുടെയും ഹരീഷ് ചൗധരിയുടെയും രാജിക്കത്ത് മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണര്‍ക്ക് കൈമാറിയത്.

അതിനാല്‍, ഇവരൊഴിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവരും സ്ഥാനത്ത് തുടരും. പുതിയ 15 പേര്‍ മന്ത്രിയായതോടെ രാജസ്ഥാനില്‍ മന്ത്രിമാരുടെ എണ്ണം 30 ആയി ഉയരും. പുതുതായി മന്ത്രിമാരാവുന്നവരില്‍ നാലുപേര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നും മൂന്നുപേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നുമാണ്. ഇവരില്‍ മൂന്നുപേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് കാബിനെറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ശകുന്തള റാവത്ത്, മമതാ ഭൂപേഷ്, ജാഹിദാ ഖാന്‍ എന്നിങ്ങനെ മൂന്ന് വനിതാ അംഗങ്ങളും മന്ത്രിസഭയിലുണ്ടാവും.

മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിന് മന്ത്രിസഭാ പുനസംഘടന ആശ്വാസകരമാണ്. പുനസംഘടനയില്‍ സംതൃപ്തനാണെന്നാണ് പൈലറ്റ് പ്രതികരിച്ചത്. കൂട്ടായെടുത്ത തീരുമാനമാണെന്നും പാര്‍ട്ടിയില്‍ ഭിന്നതിയില്ലെന്നും സച്ചിന്‍ പൈലറ്റ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത 15 എംഎല്‍എമാരുടെ പട്ടിക രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയാണ് പങ്കുവച്ചത്. രാജസ്ഥാന്‍ കാബിനറ്റിലെ എല്ലാ പുതിയ എംഎല്‍എമാര്‍ക്കും സഹമന്ത്രിയില്‍നിന്ന് കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച മൂന്ന് മന്ത്രിമാര്‍ക്കും ഏറെ അഭിനന്ദനങ്ങള്‍- ട്വീറ്റില്‍ ദോതസ്ര കുറിച്ചു.

Next Story

RELATED STORIES

Share it