Sub Lead

നഗരസഭ പൊളിച്ച മസ്ജിദിന് പകരം നിര്‍മിച്ച പുതിയ മസ്ജിദിന്റെ ഭാഗങ്ങളും പൊളിപ്പിച്ചു (വീഡിയോ)

നഗരസഭ പൊളിച്ച മസ്ജിദിന് പകരം നിര്‍മിച്ച പുതിയ മസ്ജിദിന്റെ ഭാഗങ്ങളും പൊളിപ്പിച്ചു (വീഡിയോ)
X

ഗോരഖ്പൂര്‍(യുപി): ഗോരഖ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അനധികൃതമായി പൊളിച്ച മുസ്‌ലിം പള്ളിയ്ക്ക് പകരം നിര്‍മിച്ച പുതിയ പള്ളിയുടെ ഭാഗങ്ങള്‍ പൊളിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. മേവാത്തിപൂരില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച പുതിയ അബൂ ഹുറൈറ പള്ളിയുടെ മുകള്‍ നിലകളാണ് പൊളിച്ചുനീക്കേണ്ടി വന്നത്. മാര്‍ച്ച് രണ്ടിന് മുമ്പ് പള്ളി പൊളിച്ചുമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് എതിരെ പള്ളി കമ്മിറ്റി മേലധികാരിക്ക് അപ്പീല്‍ നല്‍കിയിട്ടും പൊളിക്കല്‍ നടപടികളില്‍ നിന്നും കോര്‍പറേഷന്‍ പിന്‍മാറിയില്ല.

ഭൂപട അംഗീകാരമില്ലെന്ന് പറഞ്ഞാണ് ഇത്തവണ നോട്ടിസ് നല്‍കിയിരിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹിയായ ശുഹൈബ് അഹമദ് പറഞ്ഞു. നോട്ടിസിനെതിരെ ഉന്നതാധികാരിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മേവാത്തിപുരയിലെ പുരാതനമായ അബു ഹുറൈറ പള്ളി 2024 ജനുവരി 25നാണ് ഗോരഖ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ജിഎംഎസി) പൊളിച്ചത്.

മേവാത്തിപുരയിലെ ഘോഷ് കമ്പനി ചൗക്കില്‍ സ്ഥിതി ചെയ്തിരുന്ന അബു ഹുറൈറ പള്ളിയുടെ കാര്യത്തില്‍ 1963ല്‍ ശെയ്ഖ് ഫുന്നയും മുന്‍സിപ്പല്‍ ബോര്‍ഡും തമ്മില്‍ ഒരു സിവില്‍ കേസുണ്ടായി. നാലുവര്‍ഷത്തിന് ശേഷം, 1967 ഏപ്രില്‍ 19ന്, ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായി. പള്ളിയുടെ കാര്യത്തില്‍ മുന്‍സിപ്പല്‍ ബോര്‍ഡ് ഇടപെടില്ലെന്നായിരുന്നു ധാരണ. ഈ ഒത്തുതീര്‍പ്പ് 1967 ഏപ്രില്‍ 26ന് സിവില്‍ കോടതി അംഗീകരിച്ചു.

എന്നാല്‍, 2024 ജനുവരിയില്‍ പള്ളി നിലനില്‍ക്കുന്ന സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് പള്ളിയും 16 വീടുകളും 31 കടകളും പൊളിച്ചു. ആ സ്ഥലത്ത് ഇപ്പോള്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രം നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.

2024 ജനുവരിയില്‍ പാതിരാത്രിയെത്തിയ റെവന്യുസംഘമാണ് സിവില്‍ കോടതി വിധി ലംഘിച്ച് പള്ളി പൊളിച്ചതെന്ന് ശുഹൈബ് പറഞ്ഞു. അന്ന് മുതവല്ലിയായിരുന്ന ശുഹൈബിന്റെ പിതാവ് സുഹൈല്‍ അഹമദ് കോര്‍പറേഷന് പരാതിയും നല്‍കി. തെറ്റ് സമ്മതിച്ച കോര്‍പറേഷന്‍ 2024 ഫെബ്രുവരി 27ന് 24 ഃ 26 അടി സ്ഥലം അനുവദിച്ചു. അങ്ങനെയാണ് സുഹൈല്‍ അഹമദിന്റെ മേല്‍നോട്ടത്തില്‍ മുസ്‌ലിം സമുദായം പുതിയ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. രണ്ടു നിലകള്‍ നിര്‍മിച്ചു കഴിഞ്ഞ പള്ളിയില്‍ നമസ്‌കാരവും സ്ഥിരമായി നടക്കുന്നുണ്ട്. ഇതിനിടെ സുഹൈല്‍ അഹമദ് മരിച്ചുപോയി. അതിനാല്‍ ശുഹൈബ് അഹമദാണ് ഇപ്പോള്‍ പള്ളിയുടെ കാര്യങ്ങള്‍ ചെയ്യുന്നത്.

പുതിയ പള്ളിയുടെ ഒന്നാം നിലനിര്‍മിച്ചപ്പോള്‍ തന്നെ 2024 മേയ് 16ന് കോര്‍പറേഷനില്‍ നിന്നും നോട്ടീസ് ലഭിച്ചതായി ശുഹൈബ് അഹമദ് പറഞ്ഞു. പ്ലാന്‍ ഇല്ലാതെയും അനുമതി ഇല്ലാതെയുമാണ് പള്ളി നിര്‍മിച്ചതെന്നാണ് നോട്ടീസിലുണ്ടായിരുന്നത്. ഇതിന് മറുപടി നല്‍കി. പിന്നീട് 2025 ഫെബ്രുവരി അഞ്ചിനാണ് രണ്ടാം നോട്ടീസ് വന്നത്. ഭൂപട അനുമതിയില്ലെന്നായിരുന്നു നോട്ടിസിലെ ആരോപണം. ഇതിന് 14ാം തീയ്യതി തന്നെ പ്രാഥമിക മറുപടി നല്‍കി. വിശദമായ മറുപടിക്കായി സമയം ചോദിച്ചെങ്കിലും പൊളിക്കാനുള്ള നോട്ടിസാണ് ലഭിച്ചതെന്ന് ശുഹൈബ് പറയുന്നു. നഗരവികസന വകുപ്പിന്റെ 2008ലെ മാനദണ്ഡം പ്രകാരം 100 ചതുരശ്ര മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് ഭൂപട അനുമതി ആവശ്യമില്ലെന്നും ശുഹൈബ് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it