Sub Lead

സ്‌ഫോടനത്തിലെ പ്രതിയെന്ന പേരില്‍ ശ്രീലങ്ക പുറത്തുവിട്ടത് അമേരിക്കന്‍ വനിതയുടെ ഫോട്ടോ

സ്‌ഫോടനത്തിലെ പ്രതിയെന്ന പേരില്‍ ശ്രീലങ്ക പുറത്തുവിട്ടത് അമേരിക്കന്‍ വനിതയുടെ ഫോട്ടോ
X

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതിയെന്ന പേരില്‍ ശ്രീലങ്ക പുറത്തുവിട്ടത് തെറ്റായ ഫോട്ടോ. അമേരിക്കന്‍ മുസ്ലിം ആക്ടിവിസ്റ്റ് അമാറ മജീദിന്റെ ഫോട്ടോ ആണ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതിയുടേതെന്ന പേരില്‍ പുറത്തുവിട്ടത്. ആറ് പേരുടെ ഫോട്ടോയും പേരും ഉള്‍പ്പെട്ട നോട്ടീസാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതില്‍ അബ്ദുല്‍ ഖാദര്‍ ഫാത്തിമ ഖാദിരിയ എന്ന പേരിലാണ് ശിരോവസ്ത്രമണിഞ്ഞ അമാറ മജീദിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.



അമാറ തന്നെയാണ് ഫെയ്‌സ്ബുക്ക് വഴി ഈ വിവരം പുറത്തുവിട്ടത്. പ്രിയപ്പെട്ടവരെ, ഇന്ന് രാവിലെ ശ്രീലങ്ക സര്‍ക്കാര്‍ ഈസ്റ്റര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഐഎസ്‌ഐഎസുകാരില്‍പ്പെട്ടയാള്‍ എന്ന രീതിയില്‍ എന്റെ ഫോട്ടോ തെറ്റായി ഉപയോഗിച്ചിരിക്കുന്നു. ഇത് പൂര്‍ണമായും തെറ്റാണ്. മുസ്ലിംകള്‍ ഇപ്പോള്‍ തന്നെ വലിയ തോതിലുള്ള നിരീക്ഷണത്തിലാണ് എന്നിരിക്കേ കൂടുതല്‍ കുറ്റപ്പെടുത്തലുകള്‍ക്കും പരിശോധനകള്‍ക്കും വിധേയനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭീകരമായ ഈ ആക്രമണവുമായി എന്നെ ബന്ധപ്പെടുത്തുന്നത് ഒഴിവാക്കൂ. വ്യക്തികളെയും അവരുടെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ അടുത്ത തവണയെങ്കിലും കൂടുതല്‍ സൂക്ഷ്മത പാലിക്കണം. ശ്രീലങ്കയുടെ മേല്‍ ദൈവം കാരുണ്യം ചൊരിയട്ടെ-എന്നാണ് അവരുടെ സന്ദേശത്തില്‍ പറയുന്നത്.

ഫോട്ടോയുടെ കാര്യത്തില്‍ അബദ്ധം പറ്റിയതായി പോലിസ് പിന്നീട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it