Sub Lead

മോളി വധക്കേസ്: അസം സ്വദേശിക്ക് വധശിക്ഷ

മോളി വധക്കേസ്: അസം സ്വദേശിക്ക് വധശിക്ഷ
X

കൊച്ചി: പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ പരേതനായ ഡേവിസിന്റെ ഭാര്യ മോളി(61)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അസം സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു. അസം സ്വദേശി മുന്ന എന്ന പരിമള്‍ സാഹു(24)വിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളി ഗോപാല പണ്ഡാല വധശിക്ഷ വിധിച്ചത്. മോളിയുടെ വീടിന്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം വധശിക്ഷയും ജീവപര്യന്തവും 1.20 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

2018 മാര്‍ച്ച് 18ന് രാത്രിയാണ് മോളി കൊല്ലപ്പെട്ടത്. അര്‍ധരാത്രി നടന്ന കൊലപാതകം പിറ്റേന്നു രാവിലെയാണ് പുറത്തറിഞ്ഞത്. വാടകയ്ക്കു താമസിച്ചിരുന്ന പ്രതി മോളിയെ തലയ്ക്കിടിച്ച് പരിക്കേല്‍പ്പിച്ചശേഷം ബെഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മോളിയുടെ ഭിന്നശേഷിക്കാരനായ മകന്‍ ഡെന്നിയുടെ മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി ഡെന്നിയുടെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു പ്രതിയുടെ ശ്രമം. മോളിയുടെ ദേഹത്ത് 32 ഓളം പരിക്കുകള്‍ ഉണ്ടായിരുന്നു.

ആക്രമണത്തിനിടെ മോളി രക്ഷപ്പെടാന്‍ മുന്നയുടെ ശരീരത്തില്‍ കടിക്കുകയും നഖം കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തതും ശാസ്ത്രീയ തെളിവുകളും സമീപവാസികളുടെ മൊഴികളും കേസില്‍ നിര്‍ണായകമായി. കേസില്‍ 43 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 51 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഡിവൈഎസ്പിയായിരുന്ന സുജിത്ത് ദാസും പുത്തന്‍വേലിക്കര സിഐയായിരുന്ന എം കെ. മുരളിയുമാണ് കേസന്വേഷിച്ചിരുന്നത്.

Molly murder case: Assam native sentenced to death


Next Story

RELATED STORIES

Share it