Sub Lead

ജനകീയപ്രതിഷേധത്തില്‍ മുട്ടുമടക്കി പി സി ജോര്‍ജ്; ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചു

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാനാര്‍ഥി എന്ന നിലയിലുള്ള തന്റെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചതായാണ് പി സി ജോര്‍ജ് അറിയിച്ചത്. ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങളുണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പി സി ജോര്‍ജ് ആരോപിക്കുന്നു.

ജനകീയപ്രതിഷേധത്തില്‍ മുട്ടുമടക്കി പി സി ജോര്‍ജ്; ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചു
X

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍നിന്ന് വീണ്ടും നിയമസഭയിലേക്ക് കടക്കാന്‍ അങ്കത്തിനിറങ്ങിയ ജനപക്ഷം സ്ഥാനാര്‍ഥിയും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് കനത്ത തിരിച്ചടി നല്‍കി ഈരാറ്റുപേട്ടയിലെ ജനങ്ങള്‍. വോട്ടുചോദിക്കാനെത്തിയപ്പോള്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്ന പശ്ചാത്തലത്തില്‍ ഈരാറ്റുപേട്ടയിലെ പ്രചാരണപരിപാടികള്‍ നിര്‍ത്തിവച്ചതായി പി സി ജോര്‍ജ് അറിയിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാനാര്‍ഥി എന്ന നിലയിലുള്ള തന്റെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചതായാണ് പി സി ജോര്‍ജ് അറിയിച്ചത്. ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങളുണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പി സി ജോര്‍ജ് ആരോപിക്കുന്നു.

ഇനി ഈരാറ്റുപേട്ടയില്‍ പര്യടന പ്രചരണ പരിപാടികള്‍ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ലെന്നും ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ടുചെയ്യുമെന്നും കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ഥി പി സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിെത്തിയ പി സി ജോര്‍ജിനെ നാട്ടുകാര്‍ കൂക്കിവിളിച്ചത്. അരിശം കയറിയ പി.സി ജോര്‍ജ് തിരിച്ച് തെറി വിളിച്ചാണ് മടങ്ങിയത്.

പ്രതിഷേധിച്ചവരോട് പി സി ജോര്‍ജ് പറഞ്ഞതിങ്ങനെ: ''നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാവൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോവും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും''. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി സി ജോര്‍ജ് മടങ്ങിയത്. കഴിഞ്ഞതവണ തനിച്ച് മല്‍സരിച്ച് വിജയിച്ച പി സി ജോര്‍ജ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കൈവിട്ടതോടെ എന്‍ഡിഎയിലേക്ക് പോയിരുന്നു.

എന്നാല്‍, വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് പറഞ്ഞ് എന്‍ഡിഎയില്‍നിന്നും പുറത്തുചാടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ കയറിക്കൂടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. വീണ്ടും എന്‍ഡിഎയുമായി കൂട്ടുകൂടാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നെ വീണ്ടും തനിച്ചുമല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരേയും ഈരാറ്റുപേട്ടയിലെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിച്ചും പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

മതവിദ്വേഷവും മതസ്പര്‍ധയും പരത്തുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് പൊതുവേദിയിലുടനീളം പി സി ജോര്‍ജ് നടത്തിക്കൊണ്ടിരുന്നത്. ഹൈക്കോടതി വരെ തള്ളിയതും ബിജെപി വര്‍ഗീയമായി മുതലെടുത്തുകൊണ്ടിരിക്കുന്നതുമായ 'ലൗ ജിഹാദ്' വ്യാജപ്രചാരണം അടക്കം ഏറ്റുപിടിച്ചായിരുന്നു ജോര്‍ജിന്റെ പ്രസംഗങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ അടക്കം പി സി ജോര്‍ജിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്.

പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ നാടായ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പരിധിയില്‍ പ്രചരണം ഞാന്‍ അവസാനിപ്പിക്കുകയാണ്. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.

ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്. ഒരുപറ്റം ആളുകള്‍ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന വര്‍ഗീയലഹളയിലേക്ക്, എന്റെ നാടിനെ തള്ളിവിടാന്‍ എനിക്കാവില്ല. എന്നെ അറിയുന്ന, എന്നെ സ്‌നേഹിക്കുന്ന ഈ വര്‍ഗീയത തലയ്ക്കുപിടിക്കാത്ത ധാരാളം സഹോദരങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്.

പക്ഷെ അവര്‍ക്ക് പോലും കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഭീഷണികള്‍ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെക്കുറിച്ച് വിശദമായി ഈരാറ്റുപേട്ടയില്‍ ഞാന്‍ പ്രസംഗിച്ചിട്ടുള്ളതുമാണ്.

എനിക്കൊപ്പം പൊതുപ്രവര്‍ത്തനരംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ എന്റെ പ്രചരണ പരിപാടികള്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്. ഞാന്‍ അറിയുന്ന എന്നെ സ്‌നേഹിക്കുന്ന ഇത്തരം വര്‍ഗീയചിന്താഗതിയില്ലാതെ ഈ നാട്ടില്‍ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാര്‍ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോധ്യമെനിക്കുണ്ട്.


Next Story

RELATED STORIES

Share it