Sub Lead

പശ്ചിമഘട്ടം പറയാത്ത കഥകള്‍; കര്‍ണാടക ഗവേഷകര്‍ കണ്ടെത്തിയത് നാലുപുതിയ സസ്യഇനങ്ങള്‍

പശ്ചിമഘട്ടം പറയാത്ത കഥകള്‍; കര്‍ണാടക ഗവേഷകര്‍ കണ്ടെത്തിയത് നാലുപുതിയ സസ്യഇനങ്ങള്‍
X

ബെംഗളൂരു: കര്‍ണാടകയിലെ പശ്ചിമഘട്ടമേഖലയില്‍ നാലുപുതിയ സസ്യഇനങ്ങളെ കൂടി കണ്ടെത്തി ഗവേഷകര്‍. ധാര്‍വാഡിലെ കര്‍ണാടക് സയന്‍സ് കോളജിലെ സസ്യശാസ്ത്രജ്ഞനായ പ്രൊഫ. കെ കൊത്രേഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സസ്യഇനങ്ങളെ കണ്ടെത്തിയത്. വിവിധ മലനിരകളില്‍ സസ്യ സര്‍വേ നടത്തിയാണ് കണ്ടെത്തല്‍.

എട്ട് ജില്ലകളില്‍ സര്‍വേ പൂര്‍ത്തിയായതായും, ബാക്കിയുള്ള ജില്ലകളില്‍ ഗവേഷണം തുടരുകയാണെന്നും ഗവേഷകര്‍ അറിയിച്ചു. കണ്ടെത്തിയ നാലില്‍ മൂന്നെണ്ണം ഉത്തരകന്നഡയിലെ വിവിധ പ്രദേശങ്ങളില്‍നിന്നും, മറ്റൊന്ന് ശിവമോഗ ജില്ലയില്‍ നിന്നുമാണ്.

മധ്യ പശ്ചിമഘട്ടത്തിലെ മാണ്‍കൂലി മലനിരകളില്‍ കണ്ടെത്തിയ പുതിയ സസ്യത്തിന് 'ഒബറോണിയ മാണ്‍കൂലിയെന്‍സിസ്' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പഠനം അന്താരാഷ്ട്ര ജേണലായ റിച്ചാര്‍ഡിയാനയില്‍ പ്രസിദ്ധീകരിച്ചു.

ഉത്തരകന്നഡയിലെ കലി കടുവ സങ്കേതത്തില്‍ കണ്ടെത്തിയ മറ്റൊരു സസ്യത്തിന് പ്രശസ്ത ടാക്സോണൊമിസ്റ്റ് പ്രൊഫ. വൈ എന്‍ സീതാരാമിന്റെ ബഹുമാനാര്‍ത്ഥം 'സൂക്സീയന്‍ സീതാരാമി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് ഏഷ്യന്‍ ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ബോട്ടണിയില്‍ പ്രസിദ്ധീകരിച്ചു. അതേ ജില്ലയില്‍തന്നെ കണ്ടെത്തിയ മറ്റൊരു സസ്യത്തിന് 'പാരസോപൂബിയ ഗോരെന്‍സിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. മിര്‍ജാന്‍ ഫോര്‍ട്ടില്‍ കണ്ടെത്തിയ നാലാമത്തെ സസ്യത്തിന് 'യൂട്രികൂലേരിയ കുംടെന്‍സിസ്' എന്നാണ് പേര്. ഇതും ഫൈറ്റോടാക്സ ജേണലിലൂടെയാണ് ലോകത്തിനു മുന്നിലെത്തിച്ചത്.

ലോകത്ത് ഏകദേശം 30 ലക്ഷം സസ്യ ഇനങ്ങളുണ്ടെന്നും, ഇതില്‍ വെറും രണ്ടരലക്ഷം ഇനങ്ങളെയാണ് ഇതുവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുള്ളതെന്നും പ്രൊഫ. കെ കൊത്രേഷ വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം ശ്രേയസ് ബേട്ടഗെരി, വനജ ജി പാട്ഗര്‍, മഞ്ജുശ്രീ എസ് കനോജ് എന്നിവരാണ് ഗവേഷണ സംഘത്തിലുള്‍പ്പെട്ടത്.

Next Story

RELATED STORIES

Share it