Sub Lead

പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്‍പറ്റയില്‍ ഇന്ന് യുഡിഎഫ് റാലി

റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനുപേര്‍ അണിനിരക്കുന്ന റാലി തുടങ്ങും. തുടര്‍ന്ന് കല്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും.

പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്:  കല്‍പറ്റയില്‍ ഇന്ന് യുഡിഎഫ് റാലി
X

കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി, കെപിസിസി സെക്രട്ടറി എന്നിവര്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസിനുനേരെയുള്ള എസ്എഫ്‌ഐ അക്രമത്തിനെതിരേ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം അലയടിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടോടെ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

തിരുവനന്തപുരത്ത് എകെജി സെന്ററിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ വനിതാ കോണ്‍ഗ്രസുകാരെ പുരുഷ പോലിസ് കൈയേറ്റം ചെയ്‌തെന്ന പരാതിയുയര്‍ന്നിരുന്നു. പിന്നീട് വനിതാ പോലിസുകാരെത്തി പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരും പ്രതിഷേധപ്രകടനവുമായെത്തി.

ബേക്കറി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധവും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. നന്ദാവനം പോലിസ് ക്യാംപ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധ പ്രകടനം യൂനിവേഴ്‌സിറ്റി കോളജിനു സമീപം സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫഌ്‌സുകള്‍ പ്രതിഷേധക്കാര്‍ വലിച്ചുകീറി.

കോട്ടയത്ത് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കുള്ള മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവര്‍ക്ക് പരിക്കേറ്റു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ചേര്‍ത്തലയില്‍ പ്രകടനം നടക്കുന്നതിനിടെ അഗ്‌നിപഥ് വിഷയത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പത്തനംതിട്ടയില്‍ അടൂര്‍, പത്തനംതിട്ട, തിരുവല്ല, കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളില്‍ റോഡുപരോധിച്ച പ്രവര്‍ത്തകരെ പോലീസെത്തി നീക്കി.

എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.ജി. റോഡ് ഉപരോധിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. മുപ്പതോളംപേര്‍ക്കെതിരേ കേസെടുത്തു. മലപ്പുറം കുന്നുമ്മലില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ തീയിട്ട് പ്രതിഷേധിച്ചു.

അതിനിടെ, വയനാട്ടിലെ കല്‍പറ്റയില്‍ ഇന്ന് കൂറ്റന്‍ പ്രതിഷേധ റാലി നടത്താനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതൃത്വം.

റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനുപേര്‍ അണിനിരക്കുന്ന റാലി തുടങ്ങും. തുടര്‍ന്ന് കല്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ, മുസ്ലിം ലീഗ് നേതാക്കളായ കെ എം ഷാജി, പി എം എ സലാം തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it