Big stories

നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍; ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്ല് കൊണ്ടുവരും

നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍; ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്ല് കൊണ്ടുവരും
X

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ച് മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. നിയമസഭ ചേരാന്‍ തീരുമാനിച്ചതോടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് പ്രസക്തിയില്ലാതെയായി. ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇതുവരെ ഗവര്‍ണര്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് സഭാസമ്മേളനം ചേരാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് മുമ്പുതന്നെ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാനായിരുന്നു ഗവര്‍ണറുടെ നീക്കം. എന്നാല്‍, ഇതുസംബന്ധിച്ച് യാതൊരു തീരുമാനവും രാജ്ഭവന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. ഗവര്‍ണര്‍ ബില്ല് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരുന്നതില്‍ നിയമപ്രശ്‌നം ഉടലെടുക്കും.

ഇത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ അടിയന്തരമായി സഭാസമ്മേളനം ചേരാന്‍ തീരുമാനിച്ചതെന്നാണ് വിവരം. നിയമസഭാ സമ്മേളനം എന്ന് വരെ തുടരുമെന്ന് നിലവില്‍ നിശ്ചയിച്ചിട്ടില്ല. ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതായിരുന്നു ഓര്‍ഡിനന്‍സ്.

14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മീഷന്‍ റിപോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Next Story

RELATED STORIES

Share it