Special

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍; അവസാനിക്കുന്നത് വിരാട യുഗം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍; അവസാനിക്കുന്നത് വിരാട യുഗം
X

മുംബൈ: ട്വന്റി-20 ക്രിക്കറ്റിന് പിറകെ ടെസ്റ്റ് ക്രിക്കറ്റിനോടും വിരാട് കോഹ് ലിയെന്ന് അതികായന്‍ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗമാണ്.വിരാട യുഗം.സചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ലോകക്രിക്കറ്റിലെ ഇന്ത്യന്‍ മുഖമാണ് വിരാട് കോഹ് ലി. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന് പിറകെയാണ് കോഹ് ലിയെന്ന കിങ് കോഹ് ലി ഇന്ന് ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞത്. ക്രിക്കറ്റ് പ്രേമികള്‍ കോഹ് ലിയുടെ തീരുമാനത്തിന്റെ ഞെട്ടലില്‍ ആണ്.

രണ്ട് ദിവസം മുമ്പ് വിരാട് കോഹ് ലി ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബിസിസിഐക്ക് താരം വിരമിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാന്‍ ബിസിസിഐ താരത്തെ സമീപിച്ചിരുന്നു. അനുനയിപ്പിക്കല്‍ ചര്‍ച്ച രണ്ട് ദിവസം നീണ്ടുനിന്നിരുന്നു. എന്നാല്‍ അതിന് മുഖം നല്‍കാതെ വിരാട് കോഹ് ലി തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നുകൊണ്ട് ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.


കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് 36കാരനായ വിരാട് കോഹ് ലി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ താരത്തിന്റെ ടെസ്റ്റിലെ ഫോം അടുത്തിടെ മോശമായിരുന്നു.ഉടന്‍ വരുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് കോഹ് ലി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സൂപ്പര്‍ താരമായ രോഹിത്ത് ശര്‍മ്മയും ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ നിരവധി റെക്കോഡുകളാണ് ഇരുവരും തങ്ങളുടെ പേരില്‍ കുറിച്ചത്.

റെക്കോഡുകളുടെ കളിതോഴനായ വിരാട് കോഹ് ലി ലോക ക്രിക്കറ്റിലെ തന്നെ ഒന്നാം നമ്പര്‍ താരമാണ്. നിലവില്‍ ഐപിഎല്ലില്‍ താരം മിന്നും ഫോമിലാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു കിരീട പ്രതീക്ഷയില്‍ മുന്നിലുമാണ്. കരിയറില്‍ മിക്ക കിരീടങ്ങളും സ്വന്തമാക്കിയ കോഹ് ലിക്ക് നേടാനുള്ളത് ഐപിഎല്‍ കിരീടമാത്രമാണ്.


ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ 770 റണ്‍സ് മാത്രമായിരുന്നു താരത്തിന് വേണ്ടത്. കോഹ് ലി അനായാസം അത് പിന്തുടരുമെന്നായിരുന്നു ആരാധകരുടെ കണക്ക് കൂട്ടല്‍. 123 ടെസ്റ്റുകളില്‍ നിന്ന് 9,230 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 30 സെഞ്ചുറിയും 31 അര്‍ദ്ധസെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. മോഡേണ്‍ ക്രിക്കറ്റില്‍ ഏറ്റവും കൃത്രിതയുള്ള ടെസ്റ്റ് താരമാണ് കോഹ് ലി. ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 254 റണ്‍സാണ്. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് താരത്തിന്റെ നേട്ടം. ടെസ്റ്റിലെ വിരാട് കോഹ് ലിയുടെ ഏറ്റവും മികച്ച എതിരാളി ഓസ്‌ട്രേലിയയാണ്. ഓസിസിനെതിരേ താരം 30 മല്‍സരങ്ങളില്‍ നിന്നായി 2,234 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് സെഞ്ചുറികളും നാല് അര്‍ദ്ധസെഞ്ചുറികളും ഇതില്‍പെടും.


14 വര്‍ഷത്തെ ടെസ്റ്റ് കരിയറിനാണ് താരം ഇന്ന് വിരാമം കുറിച്ചത്. 2011ലാണ് താരം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 68 ടെസ്റ്റ് മല്‍സരങ്ങളില്‍ താരം ഇന്ത്യയെ ക്യാപ്റ്റനായി പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതില്‍ 40 ജയങ്ങളും 11 സമനിലയും താരം ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 2018-19ല്‍ ഇന്ത്യയ്ക്ക് പരമ്പര നേടി കൊടുത്ത് ഓസിസ് മണ്ണില്‍ ചരിത്ര നേട്ടം കോഹ് ലി പട സ്വന്തമാക്കിയിരുന്നു. 2016 മുതല്‍ 2021 വരെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം കോഹ് ലിക്ക് കീഴില്‍ ഇന്ത്യ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍(2021) ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതും കോഹ് ലിയുടെ കീഴിലാണ്.

2015 മുതല്‍ 2017 വരെ തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കി ഓസിസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ റെക്കോഡിനൊപ്പമെത്താനും കോഹ് ലിക്ക് കഴിഞ്ഞിരുന്നു. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറി നേടിയ ഒരേ ഒരു ഇന്ത്യന്‍ ക്യാപ്റ്റനും കോഹ് ലിയാണ്. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവിയും കോഹ് ലിയും പേരിലാണ്. ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റനും കോഹ് ലിയാണ്. റെക്കോഡുകള്‍ എല്ലാം സ്വന്തമാക്കി തല ഉയര്‍ത്തി തന്നെയാണ് കോഹ് ലി ടെസ്റ്റിനോട് വിടപറയുന്നത്. ഇനി ശേഷിക്കുന്നത് ഏകദിനത്തില്‍ മാത്രം. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ റെക്കോഡുകള്‍ക്കായി കാതോര്‍ക്കാം.




Next Story

RELATED STORIES

Share it