Sports

വീണ്ടും ക്ലബ്ബ് ഫുട്‌ബോള്‍ ആരവം; സ്പാനിഷ് ലീഗിനും പ്രീമിയര്‍ ലീഗിനും നാളെ തുടക്കം

കൊവിഡിനെ തുടര്‍ന്ന് നീണ്ടുപോയ കഴിഞ്ഞ സീസണ്‍ ആ​ഗസ്ത് അവസാനമാണ് പൂര്‍ത്തിയായത്. പുതിയ സീസണ്‍ തുടങ്ങുന്നത് ചെറിയ ഇടവേളയ്ക്ക് ശേഷമാണ്.

വീണ്ടും ക്ലബ്ബ് ഫുട്‌ബോള്‍ ആരവം; സ്പാനിഷ് ലീഗിനും പ്രീമിയര്‍ ലീഗിനും നാളെ തുടക്കം
X

മാഡ്രിഡ്: ചെറിയ ഇടവേളയ്ക്ക് ശേഷം യൂറോപ്പിലെ വമ്പന്‍ ലീഗുകളായ സ്പാനിഷ് ലീഗിന്റെയും പ്രീമിയര്‍ ലീഗിന്റെയും 2020-2021 സീസണ്‍ നാളെ തുടക്കം. കൊവിഡിനെ തുടര്‍ന്ന് നീണ്ടുപോയ കഴിഞ്ഞ സീസണ്‍ ആ​ഗസ്ത് അവസാനമാണ് പൂര്‍ത്തിയായത്. പുതിയ സീസണ്‍ തുടങ്ങുന്നത് ചെറിയ ഇടവേളയ്ക്ക് ശേഷമാണ്. ട്രാന്‍സ്ഫര്‍ ജാലകത്തിലെ കൈമാറ്റങ്ങള്‍ തുടരുന്നതിനിടെയാണ് ലീഗുകള്‍ക്ക് തുടക്കമാവുന്നത്.

സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ കൈയ്യെത്തും ദൂരത്ത് കിരീടം കൈവിട്ട ബാഴ്‌സ അത് തിരിച്ചുപിടിക്കാനാണ് ഇറങ്ങുക. പുതിയ സൈനിങുകള്‍ ഇല്ലെങ്കിലും വമ്പന്‍ താരനിര തന്നെയാണ് സിദാന്റെ റയലിനുള്ളത്. മെസ്സി ക്ലബ്ബില്‍ തുടരുമെങ്കിലും വിദാല്‍, റാക്കിറ്റിച്ച്, സുവാരസ് എന്നിവരുടെ കുറവ് ബാഴ്‌സയെ സാരമായി ബാധിക്കും. കൂടാതെ പുതിയ കോച്ച് കോമാന്റെ തന്ത്രങ്ങള്‍ ബാഴ്‌സയ്ക്ക് എത്രത്തോളം വശമാവുമെന്നും കാണേണ്ടിയിരിക്കുന്നു. ഐബര്‍ സെല്‍റ്റാ വിഗോ മല്‍സരത്തോടെയാണ് ലാലിഗയ്ക്ക് തുടക്കമാവുന്നത്. വൈകിട്ട് 7.30നാണ് മല്‍സരം. രണ്ടാമത്തെ മല്‍സരം രാത്രി 10.00 മണിക്ക് ഗ്രനാഡയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ്. സ്പാനിഷ് ലീഗ് മല്‍സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണമില്ല. ലാ ലിഗയുടെ ഔദ്യോ​ഗിക ഫെയ്‌സ്ബുക്ക് പേജില്‍ മല്‍സരം തല്‍സമയം കാണാം.

പ്രീമിയര്‍ ലീഗില്‍ ഇത്തവണയും ലിവര്‍പൂള്‍ -മാഞ്ചസ്റ്റര്‍ സിറ്റി കിരീടപോരാട്ടം തുടര്‍ന്നേക്കും. ലംമ്പാര്‍ഡിന്റെ ചെല്‍സിയും ഒലേയുടെ യുനൈറ്റഡും ഇത്തവണ കിരീട പോരിന് മുന്നിലുണ്ടാവും. നിരവധി വന്‍ താരങ്ങളെയാണ് ചെല്‍സി ടീമിലെത്തിച്ചത്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പണമൊഴുക്കിയത് ചെല്‍സിയാണ്. യുനൈറ്റഡും പുതിയ നിരവധി താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ടോട്ടന്‍ഹാമും ആഴ്‌സണലും ലെസ്റ്ററും ഇത്തവണയും മുന്‍നിര പോരാട്ടങ്ങള്‍ക്കായുണ്ടാവും. എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കിയ ആഴ്‌സണല്‍ ആണ് ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങുന്ന വമ്പന്‍ ക്ലബ്ബ്.

നാളെ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മല്‍സരത്തില്‍ ഫുള്‍ഹാമാണ് അവരുടെ എതിരാളികള്‍. വൈകിട്ട് 7.30ന് നടക്കുന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് സതാംപടണിനെ നേരിടും. നാളെ നടക്കുന്ന മൂന്നാമത്തെ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ എതിരാളികള്‍് രണ്ടാം ഡിവിഷനില്‍ നിന്നും പ്രമോഷന്‍ നേടി വന്ന ലീഡ്‌സുമായാണ്. ഇന്ത്യയില്‍ മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം. ഇറ്റാലിയന്‍ സീരി എ 19നും ജര്‍മ്മന്‍ ബുണ്ടസാ ലീഗ് 20നുമാണ് അരങ്ങേറുക. ഫ്രഞ്ച് ലീഗ് മല്‍സരങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it