Others

ഹോക്കിയില്‍ വെങ്കലമില്ല; ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനോട് പൊരുതിത്തോറ്റു

ഹോക്കിയില്‍ വെങ്കലമില്ല; ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനോട് പൊരുതിത്തോറ്റു
X

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിരാശ. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടനോട് ഇന്ത്യ പൊരുതി ത്തോറ്റു. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിനൊടുവിലാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍തന്നെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍, ഗുര്‍ജിത് കൗര്‍ നേടിയ ഇരട്ടഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി. വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ മുന്നിലെത്തി.

മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി. 48ാം മിനിറ്റില്‍ ഗ്രേസിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി. ഒപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കാണാതിരുന്നതോടെയാണ് മെഡലില്ലാതെ ഇന്ത്യയുടെ മടക്കം. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കല മെഡല്‍ സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ തോല്‍വിയിലും പോരാട്ടവീര്യം ചോരാത്ത പ്രകടനമാണ് കാഴ്ചവച്ചത്. മല്‍സരം തുടങ്ങിയപ്പോള്‍തന്നെ ബ്രിട്ടന്‍ മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.

ആദ്യമിനിറ്റില്‍തന്നെ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുക്കാന്‍ ബ്രിട്ടന് സാധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ടുതിര്‍ത്തെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിതയുടെ പ്രതിരോധം അത് വിഫലമാക്കി. ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ഒന്നു പോലും നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍തന്നെ ബ്രിട്ടന്‍ മല്‍സരത്തില്‍ ലീഡെടുത്തു. 16ാം മിനിറ്റില്‍ സിയാന്‍ റായെറാണ് സ്‌കോര്‍ ചെയ്തത്.

റായറിന്റെ ക്രോസ് ഇന്ത്യന്‍ പ്രതിരോധതാരം സുശീല ചാനുവിന്റെ ഹോക്കി സ്റ്റിക്കില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിഷ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഇന്ത്യ രണ്ട് മിനിറ്റിലേക്ക് 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബ്രിട്ടന്‍ രണ്ടാം ഗോള്‍ നേടി. 24ാം മിനിറ്റില്‍ മികച്ച ഫിനിഷിലൂടെ സാറ റോബര്‍ട്‌സനാണ് ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടറിലും നാലാം ക്വാര്‍ട്ടറിലും ഇന്ത്യ ശക്തമായ പ്രതിരോധമുയര്‍ത്തിയെങ്കിലും ബ്രിട്ടന്‍ 4-3 എന്ന ലീഡ് നേടുകയായിരുന്നു.

Next Story

RELATED STORIES

Share it