Others

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ ചരിത്രമെഴുതി ജെറെമി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ ചരിത്രമെഴുതി ജെറെമി
X

ബര്‍മിങ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്‍മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്‍നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം റെക്കോര്‍ഡോടെ ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 160 കിലോയും ഉയര്‍ത്തി. സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ക്കുകയാണുണ്ടായത്.

രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. സ്‌നാച്ചില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ താരത്തിന് കഴിഞ്ഞു. വെറും 19 വയസ് മാത്രമാണ് ജെറെമിയുടെ പ്രായം. 293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി. ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ 154 കിലോ ഉയര്‍ത്തിയ താരം രണ്ടാം ശ്രമം 160 കിലോ ആയി വര്‍ധിപ്പിച്ചു. ഇതോടെ ജെറെമി സ്വര്‍ണം ഉറപ്പിച്ചു. എന്നാല്‍, മൂന്നാം ശ്രമത്തില്‍ താരത്തിന് പരിക്കേറ്റു. 165 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.

മിസോറാമിലെ ഐസ്വാള്‍ സ്വദേശിയായ ജെറെമി 2018 യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടി കരുത്തുതെളിയിച്ചിരുന്നു. പിന്നാലെ 2021ല്‍ താഷ്‌ക്കന്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു ഇന്ത്യയ്ക്കായി ആദ്യസ്വര്‍ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 55 കിലോ ഗ്രാം വിഭാഗത്തില്‍ സങ്കേത് സര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടി. 55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it