Football

സൂപ്പര്‍ ലീഗ് കേരള; ആദ്യ എവേ മല്‍സരത്തിന് മലപ്പുറം എഫ്‌സി, പോയിന്റ് തേടി ഫോഴ്‌സ കൊച്ചി

മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മല്‍സരം

സൂപ്പര്‍ ലീഗ് കേരള; ആദ്യ എവേ മല്‍സരത്തിന് മലപ്പുറം എഫ്‌സി, പോയിന്റ് തേടി ഫോഴ്‌സ കൊച്ചി
X

കൊച്ചി: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ എവേ മല്‍സരത്തിന് മലപ്പുറം എഫ്‌സി. ഫോഴ്സ കൊച്ചി എഫ്‌സിയാണ് മലപ്പുറം എഫ്‌സിയുടെ എതിരാളികള്‍. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മല്‍സരം. പ്രഥമ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് മലപ്പുറം വിജയിച്ചിരുന്നു. പിന്നീട് പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം മഴമൂലം മാറ്റിവെച്ചതിനാല്‍ ഇരുടീമിനും ഓരോ പോയിന്റ് വീതം നല്‍കുകയായിരുന്നു.

മലപ്പുറം എഫ്‌സി സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ തൃശൂര്‍ മാജിക്കിനെതിരായ ആദ്യ മല്‍സരത്തില്‍ ഒരുഗോളിന് വിജയിച്ചതിനു ശേഷം തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളും സമനിലയില്‍ കലാശിക്കുകയായിരുന്നു. നിലവില്‍ ആറു പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം എഫ്‌സി. സമനിലപ്പൂട്ട് പൊളിച്ച് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് മലപ്പുറത്തിന്റെ കൊച്ചിയിലേക്കുള്ള വരവ്.

മറുവശത്ത് ഫോഴ്‌സ കൊച്ചി കളിച്ച നാലു മല്‍സരവും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്. മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും കൊച്ചിക്ക് ഇതുവരെ ലീഗില്‍ ഒരു പോയിന്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും മലപ്പുറത്തെ തോല്‍പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കുയായിരിക്കും ഫോഴ്‌സ കൊച്ചിയുടെ ലക്ഷ്യം.

Next Story

RELATED STORIES

Share it