Football

സൂപര്‍ ലീഗ് കേരള; ഒന്നാം സെമിയില്‍ ഇന്ന് കണ്ണൂരും കാലിക്കറ്റും നേര്‍ക്കുനേര്‍

രാത്രി 7.30ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം

സൂപര്‍ ലീഗ് കേരള; ഒന്നാം സെമിയില്‍ ഇന്ന് കണ്ണൂരും കാലിക്കറ്റും നേര്‍ക്കുനേര്‍
X

കോഴിക്കോട്: സൂപര്‍ ലീഗ് കേരളയില്‍ രണ്ടാം സീസണിലെ മാറ്റിവെച്ച സെമി ഫൈനലുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് ആദ്യ സെമിയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. രാത്രി 7.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. നാളെ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പ്രാഥമിക റൗണ്ടിലെ രണ്ടും മൂന്നും സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെയും നേരിടും. സീസണില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടിയപ്പോള്‍ ഒരു മല്‍സരത്തില്‍ കാലിക്കറ്റ് വിജയിച്ചപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ പിരിഞ്ഞു. പത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്സി ഏഴു വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 23 പോയിന്റ് സ്വന്തമാക്കി ഒന്നാമതായും കണ്ണൂര്‍ വാരിയേഴ്സ് മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വിയുമായി 13 പോയിന്റ് നേടി നാലാമതായാണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമാണ് കാലിക്കറ്റ് എഫ്‌സി. 21 തവണയാണ് അവര്‍ എതിര്‍ വല കുലുക്കിയത്. വഴങ്ങിയത് 11 എണ്ണവും. ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ജയത്തോടെ തുടങ്ങിയ അവര്‍ രണ്ടാം മല്‍സരത്തില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങള്‍ സമനിലയിലും കലാശിച്ചു. അതിനുശേഷം നടന്ന ആറു മല്‍സരത്തിലും സമനിലയോ തോല്‍വിയോ വഴങ്ങാതെ എല്ലാം ജയിച്ചാണ് ലീഗില്‍ ഒന്നാം സ്ഥാനക്കാരായത്. അവസാന മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ അവരുടെ നാട്ടില്‍ 2-1ന് പരാജയപ്പെടുത്തുകയും ചെയ്തു. സൂപര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരും ശക്തരുമാണ് കാലിക്കറ്റ് എഫ്സി. അവസാന മല്‍സരത്തില്‍ തൃശൂര്‍ മാജികിനെതിരേ ജയിച്ച അത്മവിശ്വാസത്തിലാണ് കണ്ണൂരിന്റെ വരവ്. ലീഗിലെ പത്തു മല്‍സരങ്ങളില്‍ നിന്ന് 13 ഗോളടിച്ച കണ്ണൂര്‍ 15 എണ്ണം വഴങ്ങി. സെമി ഫൈനല്‍ ഒറ്റ നോക്കൗട്ട് മല്‍സരമായതിനാല്‍ ഇരുടീമുകളെയും എഴുതി തള്ളാന്‍ സാധിക്കില്ല. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും, മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം നടക്കും.

Next Story

RELATED STORIES

Share it