Football

സൂപ്പര്‍ ലീഗ് കേരള; തോല്‍വിയില്‍ നിന്ന് കരകയറാതെ ഫോഴ്‌സ കൊച്ചി, കണ്ണൂര്‍ വാരിയേഴ്സ് ലീഗില്‍ ഒന്നാമത്

ഫോഴ്‌സ കൊച്ചിയെ ഒരുഗോളിന് തോല്‍പ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി

സൂപ്പര്‍ ലീഗ് കേരള; തോല്‍വിയില്‍ നിന്ന് കരകയറാതെ ഫോഴ്‌സ കൊച്ചി, കണ്ണൂര്‍ വാരിയേഴ്സ് ലീഗില്‍ ഒന്നാമത്
X

കൊച്ചി: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം റൗണ്ടിലെ മൂന്നാം മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിക്ക് രക്ഷകനായി സ്പാനിഷ് താരം അഡ്രിയാനെത്തി. എതിരില്ലാത്ത ഒരുഗോളിന് ഫോഴ്സ കൊച്ചിയെയാണ് കണ്ണൂര്‍ വാരിയേഴ്സ് തോല്‍പ്പിച്ചത്. പകരക്കാരനായി എത്തിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോയാണ് കണ്ണൂരിനു വേണ്ടി ഗോള്‍ കണ്ടെത്തിയത്. ആദ്യ സീസണില്‍ കണ്ണൂരിന്റെ ഗോളടി വീരനായിരുന്ന അഡ്രിയാന് പരിക്കുമൂലം ആദ്യ രണ്ടു മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. അസിയര്‍ ഗോമസാണ് ഗോളിന് വഴിയൊരുക്കിയത്. സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ കൊച്ചിക്കെതിരേ കണ്ണൂരിന്റെ ആദ്യ ജയമാണിത്. ഇതോടെ മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റ് നേടി കണ്ണൂര്‍ വാരിയേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറു പോയിന്റുമായി തൃശൂര്‍ മാജിക് എഫ്‌സിയാണ് രണ്ടാമത്. മൂന്നാം മല്‍സരത്തിലും തോല്‍വി വഴങ്ങിയതോടെ പ്രഥമ സീസണിലെ റണ്ണേഴ്‌സായ ഫോഴ്‌സ കൊച്ചി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്.

ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ നിന്നും കൂടുതല്‍ മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മലപ്പുറം എഫ്സിക്കെതിരേ ഇറങ്ങിയ ടീമില്‍ സച്ചിന്‍ സുനില്‍, അസിയര്‍ ഗോമസ്, എബിന്‍ ദാസ് എന്നിവര്‍ക്ക് പകരമായി സൈദ് നിദാല്‍, അര്‍ഷാദ് എ, അര്‍ജുന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഫോഴ്സ കൊച്ചി എഫ്സി തിരുവനന്തപുരം കൊമ്പന്‍സിനെതിരേ ഇറങ്ങിയ ഇലവനില്‍ ആറു മാറ്റങ്ങളുമായാണ് മല്‍സരത്തിനെത്തിയത്. അഭിഷേക് ഹാല്‍ഡര്‍, ജിഷ്ണു കെഎസ്, ശ്രീരാഗ് വി ജി, സൂസൈരാജ്, റോഡ്രിഗസ് അയാസോ, ഷൈസാ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

84ാം മിനിട്ടില്‍ അഡ്രിയാനിലൂടെ കണ്ണൂര്‍ ലീഡ് നേടി. കോര്‍ണറില്‍ നിന്നു ലഭിച്ച പന്ത് ഇടതു വിങ്ങില്‍ നിന്നിരുന്ന അസിയറിനെ ലക്ഷ്യമാക്കി എബിന്‍ നല്‍കി. ബോള്‍ സ്വീകരിച്ച അസിയര്‍ ഇടതു കാലുകൊണ്ട് ബോക്സിലേക്ക് ഒരു ലോ ക്രോസ് നല്‍കി. ബോക്സില്‍ നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ ഗോളാക്കി മാറ്റി. പകരക്കാരനായി എത്തിയാണ് ഗോള്‍ നേട്ടം.

ഈ മല്‍സരത്തോടെ സൂപ്പര്‍ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചു. ഇനി നാലാം റൗണ്ടിലെ മല്‍സരങ്ങള്‍ക്ക് ഒക്ടോബര്‍ 28ന് തുടക്കമാകും. ചൊവ്വാഴ്ച രാത്രി 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ നേരിടും. 29ന് ബുധനാഴ്ച കാലിക്കറ്റ് എഫ്‌സി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് നേരിടും. നാലാം റൗണ്ടിലെ അവസാന മല്‍സരത്തില്‍ 31ന് വെള്ളിയാഴ്ച രാത്രി 7.30ന് കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ ഫോഴ്‌സ കൊച്ചി എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും.

Next Story

RELATED STORIES

Share it