Football

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍; എതിരാളികള്‍ പിഎസ്ജി

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍; എതിരാളികള്‍ പിഎസ്ജി
X

ഫ്‌ളോറിഡ: ക്ലബ്ബ് ലോകകപ്പില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയ ലോസ് ബ്ലാങ്കോസ് സെമി ടിക്കറ്റെടുത്തു. ഗോണ്‍സാലോ ഗാര്‍സിയ, ഫ്രാങ്ക് ഗാര്‍സിയ കിലിയന്‍ എംബാപ്പെ എന്നിവരാണ് റയലിനായി വലകുലുക്കിയത്. ഇഞ്ചുറി ടൈമില്‍ മാക്സിമില്യന്‍ ബിയേര്‍, സെര്‍ഹോ ഗുരാസി എന്നിവരാണ് ബൊറൂസ്യക്കായി സ്‌കോര്‍ ചെയ്തത്.സെമിയില്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയാണ് ജേതാക്കള്‍.

മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരില്‍ കളിയുടെ തുടക്കം മുതല്‍ തന്നെ റയലിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയലിന്റെ ആദ്യ ഇലവനുണ്ടായിരുന്നില്ല. പത്താം മിനിറ്റില്‍ ലോസ് ബ്ലാങ്കോസിന്റെ യങ് സെന്‍സേഷന്‍ ഗോണ്‍സാലോ ഗാര്‍സിയ വലകുലുക്കി. ആര്‍ദ ഗുളറിന്റെ പാസിനെ വലയിലേക്ക് തിരിച്ച ഗാര്‍സിയ ടൂര്‍ണമെന്റില്‍ ഇത് നാലാം തവണയാണ് സ്‌കോര്‍ ചെയ്യുന്നത്. 20ാം മിനിറ്റില്‍ ഫ്രാങ്ക് ഗാര്‍സിയ റയലിനായി ലീഡുയര്‍ത്തി.

67ാം മിനിറ്റില്‍ അലക്സാണ്ടര്‍ അര്‍നോള്‍ഡിന് പകരം എംബാപ്പെ മൈതാനത്തേക്ക്. ഇഞ്ചുറി ടൈമിലേക്ക് കടന്ന മല്‍സരത്തില്‍ റയല്‍ രണ്ട് ഗോളിന്റെ വിജയമുറപ്പിച്ച് നില്‍ക്കേയാണ് ബൊറൂസ്യയുടെ മറുപടിയെത്തിയത്. 92ാം മിനിറ്റില്‍ മാക്സിമില്യന്‍ വലകുലുക്കി. എന്നാല്‍ 94ാം മിനിറ്റില്‍ ഒരു മനോഹര ബൈസിക്കിള്‍ കിക്കിലൂടെ എംബാപ്പെ റയലിന്റെ ലീഡ് വീണ്ടും രണ്ടാക്കി ഉയര്‍ത്തി. തൊട്ടടുത്ത നിമിഷം ബൊറൂസ്യയുടെ തിരിച്ചടി. പെനാല്‍ട്ടി ബോക്സില്‍ വച്ചൊരു ബൊറൂസ്യ താരത്തെ ഫൗള്‍ ചെയ്തതിന് ഡീന്‍ ഹുയിസന് റെഡ് കാര്‍ഡ്. ബൊറൂസ്യക്ക് പെനാല്‍ട്ടി. കിക്കെടുത്ത ഗുരാസിക്ക് പിഴച്ചില്ല. പന്ത് വലയിലായി. അവസാന വിസിലിന് സെക്കന്റുകള്‍ക്ക് മുമ്പ് ബൊറൂസ്യക്ക് ഒരു സുവര്‍ണാവസരം കൂടി ലഭിച്ചെങ്കിലും തിബോ കോര്‍ട്ടുവയുടെ അതിശയ സേവ് റയലിനെ രക്ഷിച്ചു. സെമിയില്‍ പി എസ് ജിയാണ് റയലിന്റെ എതിരാളികള്‍.




Next Story

RELATED STORIES

Share it