Football

ഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി

ഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
X

മ്യൂണിക്: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. വന്‍ താരനിര ഉണ്ടായിട്ടും മുന്‍ വര്‍ഷങ്ങളില്‍ നേടാന്‍ സാധിക്കാത്ത കിരീടം പിഎസ്ജി തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു. നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റര്‍ മിലാനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പിഎസ്ജി വിജയാഘോഷം നടത്തിയത്. ലീഗ് ചരിത്രത്തില്‍ പിഎസ്ജിയുടെ ആദ്യകിരീടമാണ്.

തുടക്കം മുതല്‍ ആക്രമണം മാത്രം ലക്ഷ്യമാക്കി കളിച്ച പിഎസ്ജി ആദ്യ 30 മിനിറ്റില്‍ 59 ശതമാനം പന്തടക്കം സ്വന്തമാക്കിയിരുന്നു. ആദ്യപകുതിയില്‍ 12-ാം മിനിറ്റില്‍ മൊറോക്കന്‍ താരം അച്റഫ് ഹക്കിമിയിലൂടെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഗോള്‍ പിറന്നു. ഡിസൈര്‍ ഡുവോയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍.

20ാം മിനിറ്റില്‍ ഡുവോയിലൂടെ പിഎസ്ജി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഉസ്മാന്‍ ഡെംബലെ ഇടതു വിങ്ങില്‍നിന്ന് പന്തെടുത്തു നല്‍കിയ ക്രോസില്‍ തകര്‍പ്പനൊരു വോളിയിലൂടെയായിരുന്നു ഡുവോയുടെ ഗോള്‍. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 19 വയസ്സുകാരനായ ഡിസൈര്‍ ഡുവോ സ്വന്തമാക്കി. പിന്നീട് 63-ാം മിനിറ്റിലും താരം വല കുലുക്കി.


ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ പിഎസ്ജി ഗോള്‍ മുഖത്തേക്ക് ഇന്റര്‍ മിലാന്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ചു. പക്ഷേ ക്യാപ്റ്റന്‍ മാര്‍ക്വിഞ്ഞോസ് നയിക്കുന്ന പ്രതിരോധ മതില്‍ കടക്കാന്‍ അപ്പോഴും ഇന്ററിനു സാധിച്ചില്ല. 73ാം മിനിറ്റില്‍ ക്വിച്ച ഖ്വാരസ്‌കേലിയ പിഎസ്ജിയുടെ നാലാം ഗോള്‍ കൂടി നേടിയതോടെ പാരിസ് ആരാധകര്‍ വിജയാഹ്ലാദം തുടങ്ങി. പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനപ്പുറം സെന്നി മയുലുവും ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ ലീഡ് അഞ്ചായി.

2011-ല്‍ ഖത്തര്‍ സ്പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ്ബിനെ സ്വന്തമാക്കിയശേഷം നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ലോകഫുട്‌ബോളിലെ വമ്പന്‍താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയവര്‍ ഒരുമിച്ചുകളിച്ചിട്ടും നേടാന്‍കഴിയാതെപോയ കിരീടമാണ് ടീം സ്വന്തമായത്. സ്പാനിഷ് പരിശീലകന്‍ ലൂയി എന്റീക്കെയുടെ കീഴില്‍ ഒത്തൊരുമയോടെ കളിക്കാന്‍കഴിഞ്ഞത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.





Next Story

RELATED STORIES

Share it