Football

അയര്‍ലന്‍ഡിനോട് തോല്‍വിയേറ്റുവാങ്ങി പോര്‍ച്ചുഗല്‍; ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പു കാര്‍ഡ്

അന്താരാഷ്ട്ര മല്‍സരത്തില്‍ റൊണാള്‍ഡോക്ക് ആദ്യ റെഡ് കാര്‍ഡ്, മൂന്നു മല്‍സരം വരെ വിലക്കുണ്ടായേക്കും

അയര്‍ലന്‍ഡിനോട് തോല്‍വിയേറ്റുവാങ്ങി പോര്‍ച്ചുഗല്‍; ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പു കാര്‍ഡ്
X

ഡബ്ലിന്‍ അരീന: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അയര്‍ലന്‍ഡിനോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍. അയര്‍ലന്‍ഡിനോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് പോര്‍ച്ചുഗലിന്റെ തോല്‍വി. ഇതോടെ 2026 ലോകകപ്പിന്റെ യോഗ്യതയ്ക്കായി പോര്‍ച്ചുഗല്‍ ഇനിയും കാത്തിരിക്കണം. മല്‍സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡു കണ്ട് പുറത്തായി. ക്ലബ്ബ് ഫുട്‌ബോളില്‍ 12 തവണ റെഡ് കാര്‍ഡ് കണ്ട റൊണാള്‍ഡോ ആദ്യമായാണ് അന്താരാഷ്ട്ര മല്‍സരത്തില്‍ റെഡ് കാര്‍ഡ് കാണുന്നത്. പോര്‍ച്ചുഗലിനായി 226 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ 40ാം വയസില്‍ റെഡ് കാര്‍ഡ് കണ്ടു.

ചുവപ്പുകാര്‍ഡ് കണ്ട റൊണാള്‍ഡോക്ക് മൂന്നു മല്‍സല്‍സരങ്ങള്‍ വരെ നഷ്ടമാക്കാന്‍ സാധ്യതയുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍മേനിയക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം. അങ്ങനെയെങ്കില്‍ അര്‍മേനിയക്കെതിരായ അവസാന ലോകകപ്പ് യോഗ്യതാ മല്‍സരവും ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളും റൊണാള്‍ഡോക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഫിഫ നിയമം പ്രകാരം, കൈമുട്ട് ഉപയോഗിച്ച് ഇടിക്കുക, കൈകൊണ്ട് ഇടിക്കുക, ചവിട്ടുക, കടിക്കുക, തുപ്പുക, അടിക്കുക തുടങ്ങിയ മോശം പെരുമാറ്റങ്ങള്‍ക്ക് മൂന്നു മല്‍സരം വരെ വിലക്ക് ലഭിച്ചേക്കാം.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ നേടിയ ട്രോയ് പാരറ്റാണ് അയര്‍ലന്‍ഡിന്റെ വിജയശില്‍പ്പി. ലിയാം സ്‌കേല്‍സിന്റെ അസിസ്റ്റില്‍ നിന്ന് ഹെഡ്ഡറിലൂടെ 17ാം മിനിറ്റില്‍ ആദ്യ ഗോളും, ഇടവേളക്കു തൊട്ടുമുമ്പ് 45ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും പാരറ്റ് നേടി. പാരറ്റിന്റെ ഈ പ്രകടനം അയര്‍ലന്‍ഡിന്റെ ലോകകപ്പ് സ്വപ്നം നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ 60ാം മിനിറ്റിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായത്. അയര്‍ലാന്‍ഡ് താരം ദാര ഒ'ഷിയയെ കൈമുട്ടുകൊണ്ട് തട്ടിയിട്ടതിനാണ് റൊണാള്‍ഡോക്ക് ചുവപ്പുകാര്‍ഡു ലഭിച്ചത്. ആദ്യം മഞ്ഞ കാര്‍ഡാണ് താരത്തിനു ലഭിച്ചതെങ്കിലും വാര്‍ പരിശോധനക്കു ശേഷം കാര്‍ഡ് ചുവപ്പായി.

റോബര്‍ട്ടോ മാര്‍ട്ടിനെസിനു കീഴിലുള്ള പോര്‍ച്ചുഗല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളുകളൊന്നും കണ്ടെത്താനായില്ല. ജാവോ ഫെലിക്‌സ്, ജാവോ നെവെസ് എന്നിവര്‍ക്ക് ഗോളിനടുത്തെത്താന്‍ കഴിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. തോറ്റെങ്കിലും പോര്‍ച്ചുഗല്‍ 10 പോയിന്റുമായി ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് പോര്‍ച്ചുഗലിനുള്ളത്. ഹംഗറിയും അയര്‍ലന്‍ഡും അധികം പിന്നിലല്ല.

ഞായറാഴ്ച അവസാന യോഗ്യത മല്‍സരം ജയിച്ച് 2026 ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയാകും പോര്‍ച്ചുഗലിന്റെ ലക്ഷ്യം. എന്നാല്‍ പോര്‍ച്ചുഗല്‍ അടുത്ത മല്‍സരം അര്‍മേനിയയോട് പരാജയപ്പെടുകയും ഹങ്കറി അയര്‍ലന്‍ഡിനോട് വിജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ മാറിമറിയും. 12 ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാം. എന്നാല്‍ രണ്ടാം സ്ഥാനക്കാരായാല്‍ വീണ്ടും പ്ലേ ഓഫ് കളിക്കണം. 16 ടീമുകള്‍ക്കാണ് യൂറോപ്പില്‍ നിന്നും ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കുക.

Next Story

RELATED STORIES

Share it