Football

മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല; ഖത്തറില്‍ സൗഹൃദ മല്‍സരം കളിക്കും

മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല; ഖത്തറില്‍ സൗഹൃദ മല്‍സരം കളിക്കും
X

ദോഹ: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ. മെസിയും സംഘവും മാര്‍ച്ചില്‍ കേരളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍. മാര്‍ച്ചില്‍ സ്‌പെയിനുമായി നടക്കുന്ന ഫൈനലിസിമക്ക് ശേഷം ഖത്തറുമായി സൗഹൃദ മത്സരം അര്‍ജന്റീന ഷെഡ്യൂള്‍ ചെയ്തതാണ് തിരിച്ചടി ആയിരിക്കുന്നത്.

മാര്‍ച്ച് 27ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ സ്‌പെയിനുമായി ഫൈനലിസിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോ ചാംപ്യന്‍മാരും കോപ അമേരിക്ക ജേതാക്കളും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിന് ശേഷം മാര്‍ച്ച് വിന്‍ഡോയുടെ അവസാനം കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മാര്‍ച്ച് 31ന് ഖത്തറിനെതിരെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മറ്റൊരു മത്സരം കളിക്കാനാണ് മെസിയും സംഘവും തയാറെടുക്കുന്നത്. ഇതോടെയാണ് മാര്‍ച്ച് വിന്‍ഡോയില്‍ സംസ്ഥാനത്തേക്ക് വരുന്നത് അടഞ്ഞ അധ്യായമായി മാറിയത്. മാര്‍ച്ച് 23 മുതല്‍ 31 വരെ ഒന്‍പത് ദിവസമാണ് ഫിഫ വിന്‍ഡോയുള്ളത്.

കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാണിച്ച് നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ല പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി കായിക മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീട് മെസിയും സംഘവും മാര്‍ച്ചില്‍ എത്തുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചത്.




Next Story

RELATED STORIES

Share it