Football

ഒളിംപിക്‌സ് കളിക്കാന്‍ മെസി; കൂട്ടിന് ഡി മരിയയും

കോപ്പ അമേരിക്കയ്‌ക്കൊപ്പം ഈ വര്‍ഷത്തെ ഒളിംപിക്‌സ് സ്വര്‍ണവും ലിയോണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും ലക്ഷ്യമിടുകയാണ്

ഒളിംപിക്‌സ് കളിക്കാന്‍ മെസി; കൂട്ടിന് ഡി മരിയയും
X

ബ്യൂണസ് ഐറിസ്: പാരീസ് ഒളിംപിക്‌സില്‍ കളിക്കാനൊരുങ്ങി അര്‍ജന്റൈന്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും. ഇരുവരേയും ഒളിംപിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അര്‍ജന്റൈന്‍ കോച്ച് ഹവിയര്‍ മഷറാനോ പറഞ്ഞു. കോപ അമേരിക്കയ്‌ക്കൊപ്പം ഈ വര്‍ഷത്തെ ഒളിംപിക്‌സ് സ്വര്‍ണവും ലയണല്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും ലക്ഷ്യമിടുകയാണ്. അര്‍ജന്റീന പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടിയാല്‍ ടീമില്‍ കളിക്കാന്‍ തയ്യാറാണെന്ന് ഇരുവരും അറിയിച്ചെന്നാണ് റിപോര്‍ട്ടുകള്‍. ഫെബ്രുവരി രണ്ട് വരെ നടക്കുന്ന യോഗ്യതാ മല്‍സരങ്ങളില്‍ നിന്ന്, രണ്ട് തെക്കേ അമേരിക്കന്‍ ടീമുകളാണ് പാരീസ് ഒളിംപിക്‌സിന് ടിക്കറ്റുറപ്പിക്കുക. 23 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഒളിംപിക്‌സില്‍ കളിക്കാന്‍ അനുമതിയെങ്കിലും മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ് നിയമം. ഇതനുസരിച്ച് മെസിയെയും ഡി മരിയയെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് അര്‍ജന്റൈന്‍ കോച്ച് ഹവിയര്‍ മഷറാനോയുടെ തീരുമാനം.

ദീര്‍ഘകാലം മെസിയുടെയും ഡി മരിയയുടെയും സഹതാരമായിരുന്നു മഷറാനോ. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അര്‍ജന്റൈന്‍ ടീമിലും മെസിയും ഡി മരിയയും മഷറാനോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. റിക്വല്‍മേ നയിച്ച അര്‍ജന്റീന 2008ലെ ഫൈനലില്‍ ഡി മരിയയുടെ ഒറ്റഗോളിന് നൈജീരിയയെ തോല്‍പിച്ചാണ് ചാംപ്യന്‍മാരായത്. ടോക്കിയോ ഒളിംപിക്‌സില്‍ ബ്രസീലായിരുന്നു ജേതാക്കള്‍. സ്‌പെയ്‌നിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഡാനി ആല്‍വസ് നയിച്ച ബ്രസീല്‍ സ്വര്‍ണം നേടിയത്. യുക്രെയ്ന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇസ്രായേല്‍, അമേരിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, മൊറോക്കോ, ഈജിപ്ത്, മാലി, ന്യൂസിലാന്‍ഡ് എന്നിവരാണ് നിലവില്‍ പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടിയ ഫുട്‌ബോള്‍ ടീമുകള്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഫ്രാന്‍സിനായി കളിക്കാന്‍ കിലിയന്‍ എംബാപ്പേയും അന്റോയ്ന്‍ ഗ്രീസ്മാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈ 26 മുതല്‍ ആഗസ്ത് 11 വരെയാണ് പാരീസ് ഒളിംപിക്‌സ്.

Next Story

RELATED STORIES

Share it