Football

ഐഎസ്എല്‍: കേരള ബ്ലാസറ്റേഴ്‌സിന് വീണ്ടും തോല്‍വി

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ്, 1-2നാണ് തോറ്റത്. 27ാം മിനുറ്റില്‍ വിസെന്റെ ഗോമസ് മുംബൈ വല കുലുക്കി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 46ാം മിനുറ്റില്‍ ബിപിന്‍ സിങിലൂടെ തിരിച്ചടിച്ച മുംബൈ 67ാം മിനുറ്റില്‍ ലെ ഫോണ്ട്രെയുടെ പെനാല്‍റ്റി ഗോളില്‍ ലീഡും വിജയവും സ്വന്തമാക്കി

ഐഎസ്എല്‍: കേരള ബ്ലാസറ്റേഴ്‌സിന് വീണ്ടും തോല്‍വി
X

ബംബോലിം (ഗോവ): ലീഡ് നേടിയ ശേഷം, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ്, 1-2നാണ് തോറ്റത്. 27ാം മിനുറ്റില്‍ വിസെന്റെ ഗോമസ് മുംബൈ വല കുലുക്കി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 46ാം മിനുറ്റില്‍ ബിപിന്‍ സിങിലൂടെ തിരിച്ചടിച്ച മുംബൈ 67ാം മിനുറ്റില്‍ ലെ ഫോണ്ട്രെയുടെ പെനാല്‍റ്റി ഗോളില്‍ ലീഡും വിജയവും സ്വന്തമാക്കി. കളിയിലുടനീളം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തി, അമരീന്ദറിന്റെ സേവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ കൂടുതല്‍ ഗോള്‍ നീക്കങ്ങള്‍ തടഞ്ഞത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോല്‍വിയാണിത്. മൂന്ന് ജയവും ആറു സമനിലയുമായി 15 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്ത് തുടരും. പത്താം ജയം കുറിച്ച മുംബൈ സിറ്റി എഫ്സി 33 പോയിന്റുമായി പോയിന്റ് ടേബിളിലെ അപ്രമാദിത്യം തിരിച്ചു പിടിച്ചു.

മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്റോയ്ക്ക് പകരം ബകാറി കോനെ എത്തി. സന്ദീപ് സിങ്, ധെനെചന്ദ്ര, കോസ്റ്റ നമിയോന്‍സു എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. യുവാന്‍ഡെ, കെ.പ്രശാന്ത്, കെ.പി രാഹുല്‍, വിസെന്റെ് ഗോമെസ് എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ സഹല്‍ അബ്ദുള്‍ സമദും ജോര്‍ദാന്‍ മറെയും. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. ഗാരി ഹൂപ്പര്‍, ജീക്സണ്‍ സിങ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങിയില്ല. മുംബൈ മുന്നേറ്റത്തില്‍ ആദം ലെ ഫോണ്ട്രെ, ബിപിന്‍ സിങ് എന്നിവരായിരുന്നു. മധ്യനിരയില്‍ ഹ്യൂഗോ ബൗമുസ്, സി ഗൊദാര്‍ദ്, റൗളിന്‍ ബോര്‍ജസ്, റയ്നിയെര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍. പ്രതിരോധത്തില്‍ മൗര്‍ത്തദ ഫാള്‍, എമെയ് റനവാഡെ, ഹെര്‍ണന്‍ സന്റാന എന്നിവരും ഇറങ്ങി. ഗോള്‍ വലയ്ക്ക് മുന്നില്‍ അമരിന്ദര്‍ സിങും.


കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കണ്ടു. സന്ദീപ് സിങ് വലതുപാര്‍ശ്വത്തിലൂടെ കുതിച്ച് ബോക്സിലേക്ക് ക്രോസ് പായിച്ചു. ഫാള്‍ അതിന് തടയിട്ടു. സഹല്‍ അബ്ദുള്‍ സമദിന്റെ കോര്‍ണറും മുംബൈ പ്രതിരോധം തട്ടിയകറ്റി. പതിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡിന് അരികെയെത്തി. ധെനെചന്ദ്രയുടെ ക്രോസ് കോനെ മനോഹരമായി ഹെഡ് ചെയ്തു. വലയിലേക്ക് ഇറങ്ങുമായിരുന്ന പന്തിനെ മുംബൈ ഗോള്‍ കീപ്പര്‍ അമരിന്ദര്‍ തട്ടിയകറ്റുകയായിരുന്നു. ഇതിനിടെ മുംബൈ മുന്നേറ്റക്കാരന്‍ ലെ ഫോണ്ട്രി രണ്ട് അവസരം പാഴാക്കി. 25ാം മിനിറ്റില്‍ രാഹുലിന്റെ ഗോള്‍മുഖത്തുവച്ചുള്ള ഷോട്ട് അമരിന്ദര്‍ തടഞ്ഞു. പ്രശാന്തിന്റെ ഒന്നാന്തരം പാസിലായിരുന്നു രാഹുലിന്റെ ഷോട്ട്. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. പിന്നാലെ മറെയുടെ ബോക്സിന് പുറത്തുവച്ചുള്ള തകര്‍പ്പന്‍ വോളിയും അമരീന്ദര്‍ തടഞ്ഞപ്പോള്‍ ബ്ലാസ്റ്റേഴ്സ് നിരാശരായി. എന്നാല്‍ 27ാം മിനിറ്റില്‍ വിസെന്റെയുടെ ഹെഡര്‍ എല്ലാ നിരാശയും മായ്ച്ചു. സഹലിന്റെ ഇടതുഭാഗത്തുനിന്നുള്ള കോര്‍ണര്‍ കൃത്യമായി സ്പാനിഷ് താരത്തിന്റെ തലയില്‍ പതിച്ചപ്പോള്‍ അമരീന്ദര്‍ കാഴ്ചക്കാരനായി. ബ്ലാസ്റ്റേഴ്സിന് അര്‍ഹിച്ച ലീഡ്.(1-0)

29ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുന്നേറ്റം. ഇക്കുറി സഹല്‍ മുന്നിലേക്ക് നീട്ടി നല്‍കിയ പന്തുമായി മറെ മുന്നേറി. നിലംപറ്റെ അടിപായിച്ചു. അമരീന്ദര്‍ ഡൈവിംഗിലുടെ അതില്‍തൊട്ടു. പന്ത് ഇടതുപോസ്റ്റിന്റെ അരികുതട്ടി തെറിക്കുകയായിരുന്നു. മറുവശത്ത് മുംബൈയുടെ ഓരോ മുന്നേറ്റത്തെയും ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൃത്യമായി തടഞ്ഞു. 41ാം മിനിറ്റില്‍ മുംബൈ മധ്യനിരക്കാരന്‍ റെയ്നിയെര്‍ ഇടതുപാര്‍ശ്വത്തിലൂടെ നടത്തിയ നീക്കം ബോക്സില്‍ അപകടമുണ്ടാക്കി. എന്നാല്‍ യുവാന്‍ഡെയുടെ തക്കസമയത്തുള്ള ഇടപെടല്‍ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു. 42ാം മിനിറ്റില്‍ പ്രശാന്തും സഹലും ചേര്‍ന്ന് ഇടതുവശം പിടിച്ച് കുതിച്ചു. പ്രശാന്തിന്റെ പാസ് പിടിച്ചെടുത്ത് സഹല്‍ ബോക്സിലേക്ക്. എന്നാല്‍ മുംബൈ പ്രതിരോധം സഹലിനെ വളഞ്ഞു. മുന്നോട്ടു കുതിക്കാനുള്ള ശ്രമത്തിനിടെ സഹലിനെ പ്രതിരോധം വീഴ്ത്തി. റഫറി പെനല്‍റ്റി വിളിച്ചില്ല. ആദ്യപകുതിയുടെ അവസാന നിമിഷം മറെയുടെ ഗോളിലേക്കുള്ള ഷോട്ട് അമരീന്ദര്‍ കുത്തിയകറ്റി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബിപിന്‍ സിങിലൂടെ മുംബൈ സമനില പിടിച്ചു(1-1). ലീഡ് തിരിച്ചു പിടിക്കാന്‍ ബ്ലാസ്റ്റേഴ്സ് കഠിന ശ്രമം നടത്തി. മുംബൈ പകുതിയില്‍ നിന്ന് പന്ത് നേടിയ രാഹുല്‍ ബോക്സിനകത്ത് മറെയ്ക്ക് പന്ത് കൈമാറിയെങ്കിലും മറെയുടെ ഷോട്ട് നേരെ അമരിന്ദറിന്റെ കയ്യിലായി. സഹലിന്റെ തുടര്‍ച്ചയായ രണ്ടു മികച്ച നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ആനുകൂല്യം സമ്മാനിക്കുമെന്ന് തോന്നിച്ചു. 58ാം മിനുറ്റിലെ ഫ്രീകിക്ക് വിസെന്റയിലേക്ക് കൃത്യമായ പ്ലേസ് ചെയ്തെങ്കിലും താരത്തിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. 60ാം മിനുറ്റില്‍ പോസ്റ്റിന് അകലെ ഇടത് പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ നല്‍കിയ പന്തില്‍ രാഹുല്‍ ചാടി ഉയര്‍ന്ന് ഹെഡറിന് ശ്രമിച്ചു. പക്ഷേ അമരീന്ദര്‍ പന്ത് കുത്തിയകറ്റി ബാസ്റ്റേഴ്സിന്റെ ലീഡ് ശ്രമം തടഞ്ഞു.

65ാം മിനുറ്റില്‍ മുംബൈക്ക് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്ത ലെ ഫോണ്ട്രെ പന്ത് വലത് മൂലയുടെ താഴ്ഭാഗത്തെത്തിച്ചു, മുംബൈ മുന്നിലെത്തി(1-2). ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. കോനെയ്ക്ക് പകരം ജീക്സണ്‍ സിങ് എത്തി. പ്രശാന്തിനെ പിന്‍വലിച്ച് ഗാരി ഹൂപ്പറും കളത്തിലെത്തി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്സില്‍ നിന്നുണ്ടായി. 83ാം മിനുറ്റില്‍ ഇടത് പാര്‍ശ്വത്തില്‍ നിന്ന് സഹലിന്റെ മികവുറ്റൊരു സെറ്റ് പീസ് ബോക്സിലെത്തി. വലയ്ക്ക് മുന്നില്‍ നിന്ന് കോസ്റ്റ കൃത്യം പന്തില്‍ കണക്ടറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. സഹല്‍ മടങ്ങി സെയ്ത്യസെന്‍ സിങ് ഇറങ്ങി. അവസാന മിനിറ്റുകളില്‍ സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല.ഫെബ്രുവരി 11ന് ഒഡീഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Next Story

RELATED STORIES

Share it