Football

ജംഷഡ്പൂരിനു മുന്നില്‍ അടിതെറ്റി ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പിന്നില്‍ നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ് സിക്കു മുന്നില്‍ അടിപതറിയത്.തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളില്‍ ജയിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ബ്ലാസ്റ്റേഴ്സിനായി സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ മെസി ബൗളിയും (11) ഒഗ്ബച്ചെയും (56) ലക്ഷ്യം കണ്ടപ്പോള്‍ മൊണ്‍റോ, കസ്റ്റല്‍ എന്നിവര്‍ ജംഷഡ്പൂരിന്റെ ഗോളുകള്‍ നേടി. 87ാം മിനിറ്റല്‍ ഒഗ്ബച്ചെയകക്ക് അബദ്ധത്തില്‍ സംഭവിച്ച സെല്‍ഫ് ഗോളാണ് ജംഷഡ്പൂരിന് വിജയമൊരുക്കിയത്. 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഒരു പടി ഇറങ്ങി എട്ടാം സ്ഥാനത്തായി. 16 പോയിന്റോടെ ജംഷഡ്പൂര്‍ ആറാം സ്ഥാനത്തേക്ക് കയറി

ജംഷഡ്പൂരിനു മുന്നില്‍ അടിതെറ്റി ബ്ലാസ്റ്റേഴ്‌സ്
X

ജംഷഡ്പൂര്‍: രണ്ടാം പകുതിയില്‍ പത്തു പേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്‌സിക്കു മുന്നില്‍ അടിതെറ്റി. എവേ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ജംഷഡ്പൂര്‍ എഫ് സി വിജയം നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പിന്നില്‍ നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ് സിക്കു മുന്നില്‍ അടിപതറിയത്.തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളില്‍ ജയിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ബ്ലാസ്റ്റേഴ്സിനായി സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ മെസി ബൗളിയും (11) ഒഗ്ബച്ചെയും (56) ലക്ഷ്യം കണ്ടപ്പോള്‍ മൊണ്‍റോ, കസ്റ്റല്‍ എന്നിവര്‍ ജംഷഡ്പൂരിന്റെ ഗോളുകള്‍ നേടി. 87ാം മിനിറ്റല്‍ ഒഗ്ബച്ചെയകക്ക് അബദ്ധത്തില്‍ സംഭവിച്ച സെല്‍ഫ് ഗോളാണ് ജംഷഡ്പൂരിന് വിജയമൊരുക്കിയത്. 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഒരു പടി ഇറങ്ങി എട്ടാം സ്ഥാനത്തായി. 16 പോയിന്റോടെ ജംഷഡ്പൂര്‍ ആറാം സ്ഥാനത്തേക്ക് കയറി.

ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂര്‍ എഫ്സിക്കെതിരെ ഇറങ്ങിയത്. മധ്യനിരയില്‍ സെയ്ത്യസെന്‍ സിങിന് പകരം മലയാളി താരം സഹല്‍ അബ്ദുസമദ് ഇറങ്ങി. മരിയോ അര്‍ക്യൂസ്, ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് നിങ് എന്നിവരും മധ്യനിരയില്‍ കളിച്ചു. അബ്ദുള്‍ ഹക്കു, വ്ലാട്കോ ഡ്രൊബറോവ്, ജെസെല്‍ കര്‍ണെയ്റോ, മുഹമ്മദ് റാകിപ് എന്നിവരായിരുന്നു പ്രതിരോധത്തിലെ താരങ്ങള്‍. മുന്നേറ്റത്തില്‍ റാഫേല്‍ മെസി ബൗളി-ബര്‍തലോമിയോ ഒഗ്ബെച്ചെ സഖ്യം. ഗോള്‍വലയ്ക്ക് മുന്നില്‍ ടി പി രഹ്നേഷ്. സുമീത് പാസി, ഫാറൂഖ് ചൗധരി, ഡേവിഡ് ഗ്രാന്‍ഡെ എന്നിവരായിരുന്നു ജംഷഡ്പൂര്‍ മുന്നേറ്റത്തില്‍. മധ്യനിരയില്‍ അകോസ്റ്റ, എയ്തര്‍ മോണ്‍റോ, അമര്‍ജിത് സിങ്, ബികാഷ് ജൈറു, മെമോ മൗറ എന്നിവര്‍. ടിരി, ലോറെന്‍സോ എന്നിവര്‍ പ്രതിരോധത്തില്‍. സുബ്രത പോള്‍ ആയിരുന്നു ഗോള്‍വലക്ക് മുന്നില്‍.


കളിയുടെ ആദ്യമിനുറ്റില്‍ തന്നെ മുസ്തഫ നിങിനെ മാരകമായി ഫൗള്‍ ചെയ്തതിന് ജംഷഡ്പൂര്‍ താരം ലോറെന്‍കോ മഞ്ഞക്കാര്‍ഡ് കണ്ടു. പിന്നാലെ ഫൗറൂഖ് ചൗധരിയുടെ ഒരു മുന്നേറ്റം ബ്ലാസ്റ്റേ്ഴ്സ് പ്രതിരോധം തകര്‍ത്തു. പത്താം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യനീക്കം. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്തുമായി മൈതാന മധ്യത്ത് നിന്ന് വല ലക്ഷ്യമാക്കി കുതിച്ച മെസി ബൗളി ബോക്സിന് പുറത്ത് നിന്ന് പന്ത് നീട്ടിയടിച്ചെങ്കിലും സുബ്രത പോള്‍ അനായാസം കയ്യിലൊതുക്കി. ആ നഷ്ടത്തിന് തൊട്ടടുത്ത മിനുറ്റില്‍ മെസി പരിഹാരം കണ്ടു. ജംഷഡ്പൂര്‍ പ്രതിരോധത്തിന്റെയും ഗോളിയുടെയും പിഴവ് മുതലെടുത്തായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. സുബ്രത ബോക്സില്‍ നിന്ന് ജൈറുവിന് പന്ത് നല്‍കി. സുബ്രതക്ക് തിരികെ ലഭിച്ച പന്ത് പിടിക്കാന്‍ മെസിയുടെ ശ്രമം. ഫലമുണ്ടായി. പന്ത് കൃത്യം വലയിലെത്തി. ജംഷഡ്പൂര്‍ ആരാധകരെ നിശബബ്ദരാക്കി ബ്ലാസ്റ്റേഴ്സ് മുന്നില്‍(1-0). 15ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ തിരിച്ചടി നീക്കം രഹനേഷ് വിഫലമാക്കി. ബോക്സിന് മുന്നില്‍ നിന്ന് അകോസ്റ്റയുടെ ക്രോസ് വഴിയുള്ള മൊണ്‍റോയിയുടെ ഷോട്ട് രഹനേഷ് കയ്യിലൊതുക്കുകയായിരുന്നു. തൊട്ടടുത്ത മിനുറ്റില്‍ വീണ്ടും മെസിക്ക് മുന്നില്‍ ഗോള്‍ അവസരമെത്തി. പക്ഷേ മെസി അടിച്ച പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. പ്രതിരോധത്തിനിടെ സുബ്രതയുമായി കൂട്ടിയിടിച്ച ജംഷഡ്പൂരിന്റെ ടിരിക്ക് പരിക്കേറ്റു. ഇതോടെ നരേന്ദ്രര്‍ ഗഹ്ലോട്ട് പകരക്കാരനായെത്തി.

29ാം മിനുറ്റില്‍ ഗ്രാന്‍ഡെയെ വീഴ്ത്തിയതിന് ജംഷഡ്പൂരിന് കോര്‍ണര്‍. വല ലക്ഷ്യമായെത്തിയ കോര്‍ണര്‍ കിക്ക് രഹനേഷ് കുത്തിയകറ്റി. തൊട്ടടുത്ത മിനുറ്റില്‍ അകോസ്റ്റയെ ഫൗള്‍ ചെയ്തതിന് കോര്‍ണര്‍ ഫല്‍ഗിന് തൊട്ടടുത്ത് നിന്ന് ആതിഥേയര്‍ക്ക് ഫ്രികീക്കും ലഭിച്ചു. മൊണ്‍റോയുടെ കിക്ക് ബോക്സിന് മുന്നില്‍ നിന്ന് സ്വീകരിച്ച അകോസ്റ്റ വോളി ഉതിര്‍ത്തു. കോര്‍ണറിന് വഴങ്ങി നായകന്‍ ഒഗ്ബച്ചെ പന്ത് കാല്‍ കൊണ്ട് പ്രതിരോധിച്ചു. വീണ്ടും ഗോളിനായി ജംഷഡ്പൂര്‍ ശ്രമം. ശ്രമകരമായ ആങ്കിളില്‍ നിന്ന് അകോസ്റ്റയുടെ നീളന്‍ ഷോട്ട് രഹനേഷ് ഉയര്‍ന്ന് പൊങ്ങി അകറ്റി. 37ാം മിനുറ്റില്‍ സഹല്‍ ബോക്സിലേക്ക് മെസിയെ ലക്ഷ്യമാക്കി മികച്ചൊരു പാസ് നല്‍കി. പക്ഷേ ഫൗറൂഖ് ചൗധരി ശ്രമം പൊളിച്ചു.39ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ നിന്ന് പന്ത് കൈക്കലാക്കിയ അകോസ്റ്റ ബോക്സില്‍ നിന്ന മൊണ്‍റോയ്ക്ക് പന്ത് ചിപ്പ് ചെയ്ത് നല്‍കി. ഇടങ്കാല് കൊണ്ട്് എയ്തര്‍ മൊണ്‍റോ സുന്ദരമായി പന്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലാക്കി. (1-1). രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ആര്‍ക്യൂസിനെ പിന്‍വലിച്ച് സിഡോഞ്ചയെ കളത്തിലിറക്കി. എന്നാല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അബ്ദുല്‍ ഹക്കു പുറത്തായതോടെ ടീം പത്തു പേരായും ചുരുങ്ങി. അബ്ദുല്‍ ഹക്കു പുറത്തായതോടെ പ്രതിരോധ നിര ദുര്‍ബലമായി ഇതോടെ സഹലിനെ പിന്‍വലിച്ച് കോച്ച് എല്‍കോ ഷട്ടോരി ജീക്സണ്‍ സിങിനെ കളത്തിലിറക്കി.


56ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില കെട്ടുപൊട്ടിച്ചു. നര്‍സാരിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. ജംഷഡ്പൂര്‍ ബോക്സിലേക്ക് താരം പന്തെത്തിച്ചു. ഇടയ്ക്ക് നിയന്ത്രണം നഷ്ടമായെങ്കിലും പന്ത് ജെസെലിലേക്കെത്തി. മൈതാനത്തിന്റെ ഇടത് ഭാഗത്ത് നിന്ന് ജെസെല്‍ ജംഷ്ഡ്പൂര്‍ ബോക്സിലേക്ക് നീട്ടിയടിച്ച പന്ത് ഒഗ്ബച്ചെ ഉയര്‍ന്നു പൊങ്ങി, തല കൊണ്ട് കൃത്യം വലയിലാക്കി. ബ്ലാസ്റ്റേഴ്സിന് വീണ്ടും ലീഡ്. (2-1). 69ാം മിനുറ്റില്‍ ജംഷഡ്പൂര്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ കസ്റ്റലിനെ കളത്തിലിറക്കി. 75ാം മിനറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടി താരം ടീമിനെ ഒപ്പമെത്തിച്ചു. (2-2). ബ്ലാസ്റ്റേഴ്സ് ലീഡ് വീണ്ടെടുക്കാന്‍ പൊരുതിയെങ്കിലും ലക്ഷ്യങ്ങള്‍ ഫലം കണ്ടില്ല. 87ാം മിനുറ്റില്‍ ഓഗ്‌ബെച്ചയ്ക്ക്് സംഭവിച്ച പിഴവില്‍ സെല്‍ഫ് ഗോളിലൂടെജംഷഡ്പൂര്‍ മുന്നിലെത്തി. (3-2). ഇന്‍ഞ്ചു സമയത്ത് ഒഗ്ബച്ചെയുടെ മികച്ചൊരു നീക്കം പോസ്റ്റില്‍ തട്ടി പുറത്തായതോടെ ജംഷഡ്പൂര്‍ വിജയമുറപ്പിച്ചു.ജനുവരി 25ന് എഫ്‌സി ഗോവക്കെതിരെ അവരുടെ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേ്ഴ്സിന്റെ അടുത്ത മത്സരം.

Next Story

RELATED STORIES

Share it