Football

ഇന്റര്‍ കാശി ഇനി ഐഎസ്എല്ലില്‍

പ്രൊമോഷന്‍ ഔദ്യോഗികമായി

ഇന്റര്‍ കാശി ഇനി ഐഎസ്എല്ലില്‍
X

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)ഇന്റര്‍ കാശി എഫ്‌സിയെ 2024-25 സീസണിലെ ഐ-ലീഗ് ചാംപ്യന്മാരായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ടോപ്പ്-ടയര്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്(ഐഎസ്എല്‍)സ്ഥാനക്കയറ്റം ലഭിച്ചു.

കളിക്കാരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നേരത്തെ എഐഎഫ്എഫിന്റെ അപ്പീല്‍ കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ കായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആഗോള കോടതിയായ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ്(സിഎഎസ്)റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇന്റര്‍ കാശിക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ ലഭിച്ചത്. ഈ കേസ് നടക്കുന്നതിനിടെ ഐ-ലീഗിലെ ഗോവന്‍ ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ചാംപ്യന്മാരായി പ്രഖ്യാപിക്കുകയും കിരീടം കൈമാറുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് എഐഎഫ്എഫ് തിരുത്തിയത്.

'ഐ-ലീഗിലെ ചാമ്പ്യന്മാരെന്ന നിലയില്‍, ഇന്റര്‍ കാശി വരാനിരിക്കുന്ന സീസണില്‍ സ്പോര്‍ട്സ് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതായി എഐഎഫ്എഫ് സന്തോഷപൂര്‍വ്വം സ്ഥിരീകരിക്കുന്നു, ലീഗിന്റെ സാമ്പത്തിക, സാങ്കേതിക മാന്‍ഡേറ്റുകള്‍ ഇന്റര്‍ കാശി പൂര്‍ത്തിയാക്കുന്ന പക്ഷം അടുത്ത സീസണില്‍ ഇന്റര്‍ കാശിക്ക് ഐഎസ്എല്ലില്‍ മല്‍സരിക്കാനാകും.'-എഐഎഫ്എഫ്

സിഎഎസ് വിധി ഇന്റര്‍ കാശിക്ക് അനുകൂലമായതോടെ, മുമ്പ് തര്‍ക്കങ്ങള്‍ കാരണം നഷ്ടപ്പെട്ട പോയിന്റുകള്‍ തിരികെ ലഭിച്ച് ലീഗ് ടേബിളില്‍ 42 പോയിന്റുമായി ഒന്നാം സ്ഥാനം ഇന്റര്‍ കാശി ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സിനേക്കാള്‍ രണ്ടുപോയിന്റ് കൂടുതലാണ് ഇന്റര്‍ കാശിക്കുള്ളത്. സീസണിലെ അവസാന മല്‍സരത്തില്‍ രാജസ്ഥാന്‍ യുനൈറ്റഡിനെതിരെ ഇഞ്ചുറി സമയത്ത് രണ്ടുഗോളുകള്‍ നേടിയത് ഇന്റര്‍ കാശിക്ക് കിരീടനേട്ടത്തില്‍ നിര്‍ണ്ണായകമായി.

Next Story

RELATED STORIES

Share it