Football

ഒളിംപ്യന്‍ എസ് എസ് നാരായണന്‍ അന്തരിച്ചു

ഒളിംപ്യന്‍ എസ് എസ് നാരായണന്‍ അന്തരിച്ചു
X

മുംബൈ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ രണ്ടുതവണ പ്രതിനിധീകരിച്ച എസ് എസ് ബാബു നാരായണന്‍ (86) മുംബൈയില്‍ അന്തരിച്ചു. ഹെര്‍ണിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് കുറച്ചുദിവസമായി ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയില്‍നിന്ന് താനെയിലുള്ള തന്റെ വീട്ടിലേക്കെത്തിയ ഉടന്‍ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ആണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത വെബ്‌സൈറ്റില്‍ പങ്കുവച്ചത്. ഒറ്റപ്പാലം സ്വദേശിയാണ്.

1956ല്‍ മെല്‍ബണിലും 1960ല്‍ റോം ഒളിംപിക്‌സിലുമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായത്. മാട്ടുംഗയില്‍ ഇന്ത്യന്‍ ജിംഖാനയിലും മാട്ടുംഗ അത്‌ലറ്റിക് ക്ലബ്ബിലും ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന അദ്ദേഹം, 1964ല്‍ മഹരാഷ്ട്രയുടെ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് ഫുട്‌ബോളിലേക്ക് തിരിഞ്ഞത്. മുംബൈയില്‍ ടാറ്റാസ് ഫുട്‌ബോള്‍ ക്ലബ്ബ്, കാള്‍ട്ടക്‌സ് തുടങ്ങിയ ടീമുകളില്‍ കളിച്ചാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 1956 ഡിസംബര്‍ 4 ന് മെല്‍ബണ്‍ ഒളിംപിക്‌സില്‍ യൂഗോസ്ലാവിയയ്‌ക്കെതിരേയാണ് നാരായണ്‍ അരങ്ങേറ്റം കുറിച്ചത്.

പ്രശസ്തനായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പീറ്റര്‍ തങ്കരാജിനൊപ്പമാണ് ശങ്കര്‍ സുബ്രഹ്മണ്യം നാരായണന്‍ എന്നറിയപ്പെട്ടിരുന്ന ബാബു നാരായണന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. പ്രമുഖ താരങ്ങളായ പി കെ ബാനര്‍ജി, ചുനിഗോസ്വാമി, ജര്‍ണയില്‍ സിങ്ങ്, തുടങ്ങി നിരവധി താരങ്ങളാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. ഒമ്പത് മല്‍സരങ്ങളില്‍ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. 1964 ലെ ഏഷ്യന്‍ കപ്പ്, 1958 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നാലാമതായി ഫിനിഷ് ചെയ്ത ഇന്ത്യയുടെ ഭാഗമായിരുന്നു നാരായണന്‍.

സന്തോഷ് ട്രോഫിയില്‍ 1956 മുതല്‍ നാരായണന്‍ 'ബോംബെ'യെ പ്രതിനിധീകരിച്ചു. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല- അദ്ദേഹം പറഞ്ഞു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ താനെയില്‍ നടക്കും.

Next Story

RELATED STORIES

Share it