Latest News

ഇത് പുതു ചരിത്രം; പറങ്കി പടയോട്ടം അവസാനിപ്പിച്ച് മൊറോക്കോ ലോകകപ്പ് സെമിയില്‍

ഇത് പുതു ചരിത്രം; പറങ്കി പടയോട്ടം അവസാനിപ്പിച്ച് മൊറോക്കോ ലോകകപ്പ് സെമിയില്‍
X

ദോഹ: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി സെമിയിലേക്ക് കുതിച്ച് ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോ. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് മൊറോക്കോ നേടിയത് . എന്‍ നെസിരിയാണ് മൊറോക്കോയുടെ വിജയശില്‍പ്പി. 42ാം മിനിറ്റിലായിരുന്നു ഗോള്‍. സ്പാനിഷ് ലീഗിലെ സെവിയ്യയുടെ സ്‌ട്രൈക്കറാണ് നെസിരി. ആഫ്രിക്കന്‍ രാജ്യമാണെങ്കിലും അറബ് പ്രതീക്ഷയും ഈ രാജ്യത്തിന് മേലായിരുന്നു. ഒടുവില്‍ അവര്‍ ആ പ്രതീക്ഷയെ സെമിയില്‍ എത്തിച്ചു.


മല്‍സരത്തില്‍ നന്നായി കളിച്ചത് പോര്‍ച്ചുഗലായിരുന്നു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നില്‍ നിന്നു. എന്നാല്‍ വിട്ടുകൊടുക്കാനാവാത്ത പ്രതിരോധം ആണ് മൊറോക്കോ നടത്തിയത്. മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും വിജയം കൈയ്യെത്തും ദൂരത്താണ് ടീമിന് നഷ്ടമായത്. മൊറോക്കോ ഗോളി യാസിന്‍ ബോണോയുടെ മികച്ച സേവുകളും തിരിച്ചടിയായി. ഇന്നും ക്രിസ്റ്റിയാനോ ആദ്യ ഇലവനില്‍ ഇല്ലാതെയാണ് പറങ്കികള്‍ ഇറങ്ങിയത്.

കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഗോണ്‍സാലസ് റാമോസിന് കാര്യമായ നീക്കങ്ങള്‍ നടത്താനായില്ല. ബ്രൂണോ ഫെര്‍ണാണ്ടസ് മല്‍സരത്തിലുടെ നീളം തിളങ്ങിയിരുന്നു. ചില സൂപ്പര്‍ ഷോട്ടുകളും താരം അടിച്ചിരുന്നു. പലതും ലക്ഷ്യം കാണാതെ പുറത്താവുകയായിരുന്നു. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിരുന്നു. എന്നാല്‍ ആദ്യ ഇലവനില്‍ റോണോയെ ഇറക്കാതിരുന്ന കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ തീരുമാനം തന്നെയായിരുന്നു ശരി. കാര്യപ്പെട്ട ഒരു നീക്കം നടത്താന്‍ പോലും റൊണാള്‍ഡോയ്ക്കായില്ല. ചില ഹെഡറിനായി ശ്രമിച്ചെങ്കിലും അതെല്ലാം പാഴായി പോയി.


മറുവശത്ത് മൊറോക്കോയാവട്ടെ മികച്ച പ്രതിരോധവും ആക്രമണവും ഒരുമിച്ചാണ് നടത്തിയത്. ലീഡെടുത്തതിന് ശേഷം ആക്രമണത്തിന് മൂര്‍ച്ഛകൂട്ടിയാണ് മൊറോക്കോ കൡച്ചത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ പറങ്കികള്‍ ചില മികച്ച നീക്കങ്ങളും നടത്തിയിരുന്നു. ഇതിനിടയ്ക്ക് പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്റെ പാളിച്ചകള്‍ മുതലെടുത്ത് വീണ്ടും ഗോള്‍ നേടാനുള്ള ശ്രമവും മൊറോക്കോ തുടര്‍ന്നു. 90ാം മിനിറ്റില്‍ ജാവോ ഫ്‌ളിക്‌സിനെ മാരകമായി ഫൗള്‍ ചെയ്തതിന് വാലിദ് ചെദിരയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.



10 പേരായിട്ടും മൊറോക്കോ ആക്രമണം തുടരുകയായിരുന്നു. മല്‍സരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സീനിയര്‍ താരം പെപ്പെ ഒരു അവസരം സൃഷ്ടിച്ചു. എന്നാല്‍ പെപ്പെയുടെ ഹെഡ്ഡര്‍ പുറത്ത് പോവുകയായിരുന്നു. ഒടുവില്‍ 39കാരനായ പെപ്പെയും 38കാരനായ ക്രിസ്റ്റ്യാനോയും പൊരുതി കളിച്ച ബ്രൂണോയും വേദനയോടെ കണ്ണീരുമായി കളം വിട്ടു. മറുവശത്ത് ചരിത്രനേട്ടത്തിന്റെ ആഘോഷ തിമിര്‍പ്പിലായിരുന്ന മൊറോക്കോ താരങ്ങളും തിങ്ങി നിറഞ്ഞ സ്‌റ്റേഡിയവും .









Next Story

RELATED STORIES

Share it