Football

പ്രതാപം വീണ്ടെടുത്ത് ചെല്‍സി; ക്ലബ്ബ് ലോകകപ്പ് കിരീടം ബ്ലൂസിന്, പിഎസ്ജിക്ക് അടിതെറ്റി

പ്രതാപം വീണ്ടെടുത്ത് ചെല്‍സി; ക്ലബ്ബ് ലോകകപ്പ് കിരീടം ബ്ലൂസിന്,  പിഎസ്ജിക്ക് അടിതെറ്റി
X

ന്യൂജേഴ്‌സി: ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ചെല്‍സി. കലാശപോരില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കിരീടധാരണം.യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തുന്നതുകൂടിയായി ചെല്‍സിയുടെ വിജയം.

ക്ലബ്ബ് ലോകകപ്പില്‍ ചെല്‍സിയുടെ രണ്ടാം കിരീടമാണിത്. 2021ല്‍ ഏഴ് ക്ലബ്ബുകളുമായി തുടങ്ങിയ ക്ലബ്ബ് ലോകകപ്പില്‍ ആദ്യം ചാംപ്യന്‍മാരായതും ചെല്‍സിയായിരുന്നു. ഇത്തവണ 32 ടീമുകളുമായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് വിപുലീകരിച്ചത്. ഫ്രഞ്ച് ലീഗും ചാംപ്യന്‍സ് ലീഗും സ്വന്തമാക്കി ട്രിപ്പിള്‍ തികയ്ക്കാനെത്തിയ പിഎസ്ജി ചെല്‍സിക്ക് മുന്നില്‍ കളി മറക്കുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍ കണ്ടത്. 22- ാം മിനുട്ടില്‍ ആദ്യ വെടിപൊട്ടിച്ച് കോള്‍ പാമര്‍. മാലോ ഗുസ്‌തോയുടെ ഷോട്ട് പി എസ് ജി ഡിഫന്‍ഡര്‍ ലൂക്കാസ് ബെറാള്‍ഡോ തടുത്തിട്ടതില്‍ നിന്ന് ലഭിച്ച റീബൗണ്ടില്‍ നിന്നായിരുന്നു പാമറുടെ ഗോള്‍. ആദ്യ ഗോളിന്റെ ഷോക്ക് മാറും മുന്‍പേ 30ാം മിനിറ്റില്‍ പാമറിന്റെ ഡബിള്‍.

43 മിനുറ്റില്‍ ഫ്രഞ്ച് പടയെ ഞ്ഞെട്ടിച്ച് ബ്രസീലിയന്‍ താരം ജാവാ പെഡ്രോ. മൂന്നാം ഗോളിന് വഴിയൊരുക്കിയതും പാമര്‍ തന്നെ. രണ്ടാം പകുതിയില്‍ പിഎസ്ജിയുടെ നീക്കങ്ങളെല്ലാം ലക്ഷ്യം തെറ്റിയപ്പോള്‍ ലൂയിസ് എന്റികെയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് മെറ്റ് ലൈഫില്‍ ചെല്‍സി ആഘോഷം തുടങ്ങിയിരുന്നു.

കരുത്തരായ റയല്‍ മാഡ്രിഡിനെയും ബയേണ്‍ മ്യൂണിക്കിനെയും തോല്‍പ്പിച്ച് ഫൈനലിലെത്തിയ പി എസ് ജിയുടെ നിഴല്‍ മാത്രമായിരുന്നു കിരീടപ്പോരില്‍ ചെല്‍സിക്കെതിരെ കണ്ടത്. 86-ാം മിനിറ്റില്‍ ജോവോ നെവസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ പി എസ് ജിയുടെ ആശ്വാസഗോള്‍ പ്രതീക്ഷകളും അവിടെ അവസാനിച്ചു. ചെല്‍സി താരം മാക് കുക്കുറെല്ലയുടെ മുടിയില്‍ പിടിച്ചു വലിച്ചതിനാണ് വാര്‍ പരിശോധനക്ക് ശേഷം നെവസിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കിയത്.




Next Story

RELATED STORIES

Share it