Football

ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ക്ലബ്ബുകള്‍ നേര്‍ക്ക് നേര്‍; ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ക്ലബ്ബുകള്‍ നേര്‍ക്ക് നേര്‍; ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
X


അറ്റ്ലാന്റ: ക്ലബ്ബ് ലോകകപ്പില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക ജയം. യുഎഇ ക്ലബ്ബായ അല്‍ ഐനിനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂറിന്റെ ഉടമസ്ഥതതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദിന്റെ ഉടമസ്ഥതതയിലുള്ള അല്‍ ഐനും തമ്മിലുള്ള പോരാട്ടത്തെ അബു ഡെര്‍ബിയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ ടീമിനോട് യാതൊരു ദയയും കാട്ടാതെയാണ് വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതതയിലുള്ള സിറ്റി ഗോളടിച്ചു കയറ്റിയത്.

എട്ടാം മിനിറ്റില്‍ ഐകെയ് ഗുണ്ടോഗനിലൂടെയാണ് സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. 27-ാം മിനിറ്റില്‍ ക്ലോഡിയോ എച്ചെവേരി സിറ്റി കുപ്പായത്തില്‍ തന്റെ ആദ്യ ഗോള്‍ നേടി. ഫ്രീ കിക്കിലൂടെയായിരുന്നു എച്ചെവേരിയുടെ ഗോള്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി സൂപ്പര്‍ താരം ഏര്‍ലിങ് ഹാളണ്ട് സിറ്റിയെ ആദ്യ പകുതിയില്‍ തന്നെ മൂന്നടി മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 73-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും സിറ്റിയുടെ ലീഡ് ഉയര്‍ത്തി. 84-ാം മിനിറ്റില്‍ ഓസ്‌കാര്‍ ബോബും 89-ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയും സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.ജയത്തോടെ ഗ്രൂപ്പ് ജിയില്‍ ആറ് പോയന്റുമായി സിറ്റി യുവന്റസിനൊപ്പമെത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സിറ്റിക്കൊപ്പം യുവന്റസും പ്രീ ക്വാര്‍ട്ടറിലെത്തി.

ആദ്യ മത്സരത്തില്‍ യുവന്റസിനോട് എതിരില്ലാത്ത അഞ്ച് ഗോളിന് തോറ്റിരുന്ന അല്‍ ഐനിന്റെ പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിറ്റി വ്യാഴാഴ്ച യുവന്റസിനെ നേരിടും. ഈ മല്‍സരത്തിലെ ഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ നേരിടേണ്ടിവരുമെന്നതിനാല്‍ ഇരു ടീമും ജയിക്കാനായിരിക്കും ശ്രമിക്കുക. ഗോള്‍ വ്യത്യാസത്തില്‍ നിലവില്‍ യുവന്റസും സിറ്റിയും ഒപ്പത്തിനൊപ്പമാണ്.





Next Story

RELATED STORIES

Share it