Football

ക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍ മയാമി; ബ്രസീലിയന്‍ ക്ലബ്ബിനോട് തോല്‍വി വഴങ്ങി പിഎസ്ജി

ക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍ മയാമി; ബ്രസീലിയന്‍ ക്ലബ്ബിനോട് തോല്‍വി വഴങ്ങി പിഎസ്ജി
X

അറ്റ്ലാന്‍ഡ: ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് എഫ്സി പോര്‍ട്ടോയെ കീഴടക്കി (2-1) ഇന്റര്‍ മയാമി. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ലയണല്‍ മെസ്സിയും സംഘവും വിജയം സ്വന്തമാക്കിയത്. 54ാം മിനിറ്റില്‍ മെസ്സി നേടിയ ഫ്രീകിക്ക് ഗോളാണ് മയാമിക്ക് ജയമൊരുക്കിയത്. ക്ലബ്ബ് ലോകകപ്പില്‍ മയാമിയുടെ ആദ്യ ജയമാണിത്.

എട്ടാം മിനിറ്റില്‍ സാമു അഗെഹോവ നേടിയ വിവാദ പെനാല്‍റ്റി ഗോളില്‍ പോര്‍ട്ടോയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പോര്‍ട്ടോ താരം ജോവോ മാരിയോയെ മയാമി താരം നോഹ അലന്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ച ശേഷമാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ആദ്യ പകുതിയിലുടനീളം പോര്‍ട്ടോ മത്സരത്തില്‍ ആധിപത്യം തുടര്‍ന്നു. നിരവധി അവസരങ്ങളാണ് പോര്‍ട്ടോ നഷ്ടപ്പെടുത്തിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തിയ മയാമി 47-ാം മിനിറ്റില്‍ തന്നെ വെനസ്വേലന്‍ മിഡ്ഫീല്‍ഡര്‍ ടെലാസ്‌കോ സെഗോവയിലൂടെ സമനില പിടിച്ചു. മാഴ്സലോ വെയ്ഗാന്‍ഡ് ബോക്സില്‍ നിന്ന് കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് ഉഗ്രനൊരു ഷോട്ടിലൂടെ സെഗാവ വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്നാണ് 54-ാം മിനിറ്റില്‍ മയാമിയുടെ ജയം കുറിച്ച് മെസ്സി ഫ്രീ കിക്ക് വലയിലെത്തിച്ചത്. ഇന്റര്‍ മയാമിക്കായി മെസ്സി നേടുന്ന 50-ാം ഗോളായിരുന്നു ഇത്. മയാമിക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. വെറും 61 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം.

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രസീലിയന്‍ ക്ലബ്ബ് ബൊട്ടാഫോഗോയാണ് പിഎസ്ജിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 36ാം മിനിറ്റില്‍ ഇഗോര്‍ ജീസസ് ആണ് ബോട്ടാഫോഗയുടെ ഗോള്‍ നേടിയത്.

മറ്റ് മല്‍സരങ്ങളില്‍ അല്‍ അഹ് ലിയെ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it