Football

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഓസ്‌കാര്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍, ഹൃദയ സംബന്ധമായ പ്രശ്‌നമെന്ന് റിപോര്‍ട്ട്

സീസണു മുന്നോടിയായുള്ള ക്ലബിന്റെ വൈദ്യ പരിശോധനക്കിടെയാണ് കുഴഞ്ഞുവീണത്

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഓസ്‌കാര്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍, ഹൃദയ സംബന്ധമായ പ്രശ്‌നമെന്ന് റിപോര്‍ട്ട്
X

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഓസ്‌കാര്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടേയും ബ്രസീല്‍ മധ്യനിര താരവുമായിരുന്ന ഓസ്‌കാര്‍ നിലവില്‍ ബ്രസീലിയന്‍ ക്ലബ് സാവോ പോളോക്കുവേണ്ടിയാണ് കളിക്കുന്നത്. 34കാരനായ ഓസ്‌കാര്‍ പുതിയ സീസണു മുന്നോടിയായുള്ള ക്ലബിന്റെ വൈദ്യ പരിശോധനക്കിടെയാണ് കുഴഞ്ഞുവീഴുന്നത്.

അബോധാവസ്ഥയിലായ താരത്തെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ താരത്തിന് ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് താരം. ഓസ്‌കാറിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് മുതല്‍ തന്നെ താരത്തിന് ഹൃദയമിടിപ്പില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുകാരണം താരം പ്രഫഷനല്‍ ഫുട്ബാളില്‍നിന്ന് വിരമിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപോര്‍ട്ടുകളുണ്ട്.

2014 ലോകകപ്പ് ഉള്‍പ്പെടെ ബ്രസീലിനെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിച്ച താരമാണ് ഓസ്‌കാര്‍. 2012ലാണ് താരം ചെല്‍സിയിലെത്തുന്നത്. 2016വരെ ചെല്‍സിയില്‍ തുടര്‍ന്ന താരം 203 മല്‍സരങ്ങളില്‍നിന്നായി 38 ഗോളുകള്‍ നേടി. ചെല്‍സിയുടെ പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 2017ല്‍ തന്റെ 25ാം വയസില്‍ ഏവരെയും ഞെട്ടിച്ച് ചൈനീസ് പ്രഫഷനല്‍ ക്ലബായ ഷാങ്ഹായ് പോര്‍ട്ട് എഫ്‌സിയിലേക്ക് ചേക്കേറി. ചൈനീസ് ഫുട്ബാള്‍ ലീഗിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എട്ടു വര്‍ഷം താരം ക്ലബിനൊപ്പം തുടര്‍ന്നു. പിന്നാലെ 2024ല്‍ സാവോ പോളോയിലേക്കെത്തി.

Next Story

RELATED STORIES

Share it