Football

സാഫ് കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് വന്‍ ജയം; ഛേത്രിക്ക് ഹാട്രിക്ക്; സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ്

ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയര്‍ത്തു.

സാഫ് കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് വന്‍ ജയം; ഛേത്രിക്ക് ഹാട്രിക്ക്; സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ്
X

ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എതിരില്ലാത്ത നാല് ഗോളിന്റെ ജയം. മല്‍സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ഹാട്രിക്ക് നേടി. ഹാട്രിക്ക് നേട്ടത്തോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 90 ആയി. ഉദാന്തയാണ് ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്. അതിനിടെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ താരങ്ങളും പരിശീലകരും ഏറ്റുമുട്ടി. പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചു.

മത്സരത്തിന്റെ 45-ാം മിനിറ്റിലാണ് സംഭവമരങ്ങേറിയത്. ഇന്ത്യന്‍ താരം പ്രീതം കോട്ടാലിനെ മറികടന്ന് പാകിസ്താന്‍ താരം ഇഖ്ബാല്‍ പന്ത് കാലിലൊതുക്കാന്‍ ശ്രമിച്ചു. പിന്നാലെ പന്ത് ലൈന്‍ കടന്ന് പുറത്തേക്ക് പോയി. പെട്ടെന്ന് പന്തെടുത്ത് ഇഖ്ബാല്‍ ത്രോ ചെയ്യാന്‍ ശ്രമിക്കവെ സ്റ്റിമാച്ച് താരത്തില്‍ നിന്ന് പന്ത് തട്ടിപ്പറിച്ച് കൈയ്യില്‍ വെച്ചു. ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയര്‍ത്തു.




പിന്നാലെ ഇന്ത്യന്‍ താരങ്ങളും കളത്തിലിറങ്ങിയതോടെ സംഭവം കൈവിട്ടുപോയി. താരങ്ങളും പരിശീലകരും തമ്മില്‍ ഗ്രൗണ്ടില്‍ കയ്യാങ്കളിയുണ്ടായി. ഒടുവില്‍ റഫറി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നാലെ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. ഇതോടെ സ്റ്റിമാച്ച് മത്സരം പൂര്‍ത്തീകരിക്കാനാവാതെ ഗ്രൗണ്ട് വിട്ടു. പാകിസ്താന്‍ പരിശീലകന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചായ മഹേഷ് ഗൗളിയ്ക്കും കിട്ടി മഞ്ഞക്കാര്‍ഡ്. ഇതിനുശേഷം മത്സരമാരംഭിച്ചപ്പോള്‍ ഇന്ത്യന്‍ താരമായ സന്ദേശ് ജിംഗാനും പാകിസ്താന്റെ റഹീസ് നബിയ്ക്കും റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. പ്രശ്നം പറഞ്ഞുതീര്‍ത്ത് ആലിംഗനം ചെയ്യുന്ന വേളയിലാണ് ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് കിട്ടിയത്. വൈകാതെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി നേടിയ രണ്ട് ഗോളില്‍ ഇന്ത്യ മുന്നില്‍ നിന്നു.






Next Story

RELATED STORIES

Share it