Football

ബാഴ്സലോണ ക്യാംപ് നൗവിലേക്ക് മടങ്ങിയെത്തുന്നു

ബാഴ്സലോണ ക്യാംപ് നൗവിലേക്ക് മടങ്ങിയെത്തുന്നു
X

കാറ്റലോണിയ: ഏകദേശം രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം എഫ്സി ബാഴ്‌സലോണ തങ്ങളുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗ സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തുന്നു. ശനിയാഴ്ച നടക്കുന്ന അത്ലറ്റിക് ക്ലബ് ബില്‍ബാവോക്കെതിരായ ലാ ലിഗ മല്‍സരത്തിലാണ് തിരിച്ചുവരവ്. 908 ദിവസങ്ങള്‍ക്കു ശേഷമാണ് ബാഴ്സലോണ തിരികെ ക്യാംപ് നൗവിലേക്കെത്തുന്നത്. 45,401 കാണികളെ ഉള്‍ക്കൊള്ളിച്ച് സ്റ്റേഡിയത്തില്‍ മല്‍സരം നടത്താനുള്ള ലൈസെന്‍സ് തിങ്കളാഴ്ച രാവിലെയാണ് ബാഴ്സലോണ സിറ്റി കൌണ്‍സില്‍ നല്‍കിയത്.

നേരത്തെ ബാഴ്സലോണ ഏകദേശം 23,000 കാണികള്‍ക്കു മുന്നില്‍ ഒരു ഓപ്പണ്‍ പരിശീലന സെഷന്‍ നടത്തിയിരുന്നു. അതില്‍ നിന്നുള്ള വരുമാനം ബാഴ്സ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ജീവകാരുണ്യ പദ്ധതികളിലേക്കാണ് വിനിയോഗിച്ചത്. പുതുക്കിപ്പണിത ക്യാംപ് നൗ സ്റ്റേഡിയത്തില്‍ 105,000 കാണികള്‍ക്ക് ഒന്നിച്ച് മല്‍സരം കാണാന്‍ സാധിക്കും. ക്യാംപ് നൗവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം കഴിഞ്ഞ രണ്ടു സീസണുകളായി(2023-24, 2024-25) 55,000 കപ്പാസിറ്റിയുള്ള മോന്റ്റിയുക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ബാഴ്‌സലോണ കളിച്ചിരുന്നത്.

പോയ വര്‍ഷം നവംബറില്‍ തുറക്കാമെന്നായിരുന്നു ബാഴ്സയുടെ പ്രഥമ പ്ലാന്‍. അതു പക്ഷെ നടന്നില്ല. തുടര്‍ന്ന് നിലവിലെ സീസണിലെ ആദ്യ മല്‍സരത്തിന് സ്റ്റേഡിയം തുറന്നു കൊടുക്കാനാകുമെന്നാണ് കരുതിയത് പക്ഷെ വീണ്ടും നീണ്ടു പോകുകയായിരുന്നു. ഇപ്പോഴാണ് സിറ്റി കൗണ്‍സിലിന്റെ അനുവാദത്തോടെ സ്റ്റേഡിയം കുറഞ്ഞ കപ്പാസിറ്റിയില്‍ തുറക്കാന്‍ കഴിഞ്ഞത്.

Next Story

RELATED STORIES

Share it