Football

ഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു

ഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു
X

ബ്യൂണസ് ഐറിസ്: മുന്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്‌ബോളിനോടും വിടപറയുന്നു. പോര്‍ച്ചുഗ്രീസ് ക്ലബ്ബ് ബെന്‍ഫിക്ക താരമായ ഡി മരിയ പുതിയ ക്ലബ്ബിലേക്ക് ചേക്കേറില്ലെന്നാണ് റിപോര്‍ട്ട്. പോര്‍ച്ചുഗീസ് ലീഗയിലെ ലീഗ് മത്സരമായിരിക്കും ബെനഫിക്കയില്‍ തന്റെ അവസാന മത്സരമെന്നാണ് ഡി മരിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പില്‍ എഴുതിയത്.ലീഗിലെ അവസാന മല്‍സരം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. എന്നാല്‍ താരം വിരമിക്കല്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പോര്‍ച്ചുഗ്രീസ് ലീഗില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ആണ് ചാംപ്യന്‍മാരായത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബെന്‍ഫിക്ക രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 'ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങള്‍ ആഗ്രഹിച്ച അന്തിമഫലമല്ലായിരുന്നു ലഭിച്ചത്. ലക്ഷ്യം നേടിയെടുക്കാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഇത്രയും നീണ്ട ഒരു വര്‍ഷത്തിനുശേഷം ഈ രീതിയില്‍ അവസാനിക്കുന്നത് വളരെയധികം വേദനാജനകമാണ്. ഈ കുപ്പായത്തില്‍ എന്റെ അവസാന ചാമ്പ്യന്‍ഷിപ്പ് ഗെയിമായിരുന്നു ഇത്. എനിക്ക് അത് വീണ്ടും ധരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞായറാഴ്ച ഒരു ഫൈനല്‍ ശേഷിക്കുന്നു. ആ കിരീടം സ്വന്തമാക്കാന്‍ ഞങ്ങള്‍ എല്ലാ ആവേശത്തോടെയും സന്തോഷത്തോടെയും ശ്രമിക്കുകയാണ്. എല്ലായ്പ്പോഴും എന്നപോലെ ഒരുമിച്ച്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി', ഡി മരിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

37കാരനായ ഡി മരിയ കരിയറിന്റെ അവസാനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അര്‍ജന്റൈന്‍ ടീമിന്റെ നിര്‍ണായക താരമായ ഡി മരിയ 2024ലെ കോപ്പ നേട്ടത്തോടെയാണ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ക്ലബ്ബ് ഫുട്ബോളില്‍ താരം സജീവമായിരുന്നു. ബെനഫിക്കയുടെ മുന്നേറ്റത്തിലെ കുന്തമുനയായി തുടരുന്ന ഡി മരിയയ്ക്ക് നേരത്തെ ലീഗില്‍ പരിക്ക് മൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു.





Next Story

RELATED STORIES

Share it